വിദേശ നിക്ഷേപകർ ഓഹരികളിൽ നിന്ന് പിന്മാറുന്നു

Sunday 21 April 2024 12:00 AM IST

കൊച്ചി: ആഗോള മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വീണ്ടും ശക്തമാകുന്നു. യു. എസ് ബോണ്ടുകളുടെ നിരക്ക് ഗണ്യമായി കൂടിയതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 20,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ വൻകിട നിക്ഷേപകർ ഓഹരികളിൽ നിന്നും പണം സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ, ക്രൂഡോയിൽ എന്നിവയിലേക്ക് മാറ്റി. കഴിഞ്ഞ വാരം തുടക്കത്തിൽ ഇസ്രയേലിനെതിരെ ഇറാൻ റോക്കറ്റ് ആക്രമണം നടത്തിയതാണ് നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിച്ചത്. സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച കണക്കിലെടുത്ത് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തിരക്കിട്ട് മുഖ്യ പലിശ നിരക്കുകൾ ഉടനടി കുറയ്ക്കില്ലെന്ന വാർത്തകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന്റെ വേഗത കൂട്ടി. യു. എസ് ബോണ്ടുകളുടെ മൂല്യം ഗണ്യമായി കൂടിയതോടെയാണ് ഫണ്ടുകളുടെ പിന്മാറ്റം ശക്തമായത്.

കഴിഞ്ഞ ആഴ്ച ആദ്യ നാല് വ്യാപാര ദിനങ്ങളിലും ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എന്നാൽ ഇസ്രയേലിനെതിരെ തിരക്കിട്ട് നടപടികൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ വെള്ളിയാഴ്ച ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും ശക്തമായി തിരിച്ചുകയറി.

വരും ദിവസങ്ങളിലും വിദേശ നിക്ഷേപകർ വിപണിയിൽ കടുത്ത വില്പന സമ്മർദ്ദം സൃഷ്ടിക്കാനാണ് സാദ്ധ്യതയെന്ന് അനലിസ്റ്റുകൾ പറയുന്നു. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി സജീവമായി നിൽക്കുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിവെക്കുമെന്ന ആശങ്കയാണ് വൻകിട ഹെഡ്ജ് ഫണ്ടുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയുംപിൻവാങ്ങൽ ശക്തമാക്കുന്നത്.

കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരിി വിപണി കനത്ത തകർച്ചയാണ് നേരിട്ടത്.

എന്നാൽ ആഭ്യന്തര നിക്ഷേപകർ ഓഹരി വിപണിയിൽ കൂടുതൽ സജീവമാകുകയാണ്. സെബിയുടെ കണക്കുകളനുസരിച്ച് പ്രതിമാസം 20,000 കോടി രൂപയിലധികമാണ് ചെറുകിട നിക്ഷേപകർ വിപണിയിലെത്തിക്കുന്നത്.

Advertisement
Advertisement