നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലേക്ക് തിരിച്ചു

Sunday 21 April 2024 4:14 AM IST

നെടുമ്പാശേരി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനി​ലെ സനയിൽ ജയി​ലി​ൽ കഴിയുന്ന നഴ്സ് നി​മിഷപ്രിയയെ കാണാൻ മാതാവ് പ്രേമകുമാരി യാത്രതി​രി​ച്ചു.

ഇന്നലെ പുലർച്ചെ അഞ്ചിനുള്ള ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്ന് മുംബയിലേക്ക് പോയി​. അവി​ടെ നി​ന്ന് ഏദനിലേക്കും തുടർന്ന് റോ‌ഡ് മാർഗം തലസ്ഥാനമായ സനയിലേക്കും പോകും.

നി​മി​ഷപ്രി​യയുടെ ഭർത്താവ് ടോമി തോമസ്, മകൾ മിഷേൽ, അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ പ്രേമകുമാരിയെ യാത്ര അയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയും 24 വർഷമായി യെമനിൽ ബിസിനസുകാരനുമായ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി പോകുന്നത്.
2017ൽ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. തലാലി​ന്റെ കുടുംബത്തിന് ആശ്വാസധനം നൽകുകയാണ് മോചനത്തി​നുള്ള ഏക മാർഗം. വ്യവസായി​ എം.എ. യൂസഫലി, ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങി​യവർ മോചനത്തി​നായി​ ശ്രമിക്കുന്നുണ്ട്. ഇതി​ൽ പ്രതീക്ഷയുണ്ടെന്ന് വിമാനത്താവളത്തിൽ പ്രേമകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement