മോദിയേയും പിണറായിയേയും കടന്നാക്രമിച്ച് പ്രിയങ്കാഗാന്ധി

Sunday 21 April 2024 12:20 AM IST

പത്തനംതിട്ട : പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പൗരത്വഭേദഗതി ബില്ല് റദ്ദാക്കി കൊണ്ടാകും കോൺഗ്രസ് അധികാരത്തിൽ എത്തുകയെന്ന് എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. പത്തനംതിട്ടയിൽ യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. കേരള മുഖ്യമന്ത്രിക്കെതിരെ സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയുമെല്ലാം റിപ്പോർട്ട് ചെയ്തിട്ടും പിടിക്കപ്പെടാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. രാഹുലിനെതിരെ വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറല്ല. ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പക്കൽ നിന്ന് കോടികൾ പിടികൂടിയിട്ടും ഒരു നടപടിയുമില്ല. ഇവയിൽ ഒന്നും അന്വേഷണമില്ല.
പ്രധാനമന്ത്രിയും സഹപ്രവർത്തകരും ഇന്ത്യൻ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനങ്ങളെ ദുർബലപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. 30 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. കേരളത്തിലും സമാനമായ സാഹചര്യമുണ്ട്. പാർട്ടി അണികൾക്ക് മാത്രമാണ് കേരള സർക്കാർ ജോലി നൽകുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
റബറിനെ കാർഷികവിളയായി അംഗീകരിക്കുമെന്നും താങ്ങുവില അടക്കം കർഷകരെ സഹായിക്കാൻ മതിയായ പദ്ധതികൾ കോൺഗ്രസ് പ്രകടന പത്രിക ഉറപ്പു നൽകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ആന്റോ ആന്റണി, യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, പ്രൊഫ.പി.ജെ.കുര്യൻ, ജോസഫ് എം.പുതുശേരി, കെ.ശിവദാസൻ നായർ, എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ

1 ലക്ഷം ശമ്പളത്തിൽ യുവാക്കൾക്ക് ജോലി.

കാർഷിക കടാശ്വാസവും താങ്ങുവിലയും

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 400 രൂപ പ്രതിദിന കൂലി

രാജ്യത്ത് നീതിയും തുല്യതയും ഉറപ്പാക്കും

നിർദ്ധന വനിതകൾക്ക് പ്രതിവർഷം ഒരു ലക്ഷം

Advertisement
Advertisement