തിരഞ്ഞെടുപ്പ് പ്രചാരണം... അനൗൺസ്‌മെന്റ് , അതാണ് ആവേശം...

Sunday 21 April 2024 12:20 AM IST

ലൈവും റെക്കാർഡുമായി​ നാടി​ളക്കി​ മുന്നണി​കൾ

കൊല്ലം: തി​രഞ്ഞെടുപ്പ് കാലത്ത് നാടി​ളക്കണമെങ്കി​ൽ അനൗൺ​സ്മെന്റ് വേണം. അതി​ന് 'പണി​' അറി​യാവുന്ന ആളുകൾ തന്നെ അരങ്ങത്തുണ്ടാവണം. ജില്ലയിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികൾക്കും വേണ്ടി കൊണ്ടുപിടിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

'ദേശിംഗനാടിന്റെ വികസന നായകൻ, ഇടതുപക്ഷ മുന്നണിയുടെ കർമ്മനിരതനായ സാരഥി സഖാവ് എം. മുകേഷ്..., നാട്യങ്ങളില്ലാത്ത നാടിന്റെ നായകൻ, കൊല്ലത്തിന്റെ പ്രേമലു എൻ.കെ.പ്രേമചന്ദ്രൻ..., മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസമർപ്പിച്ച് അഞ്ച് കൊല്ലം തരൂ എന്ന വാഗ്ദാനവുമായി നമ്മുടെ കെ.കെ.ജി..' (ജി.കൃഷ്ണകുമാർ) എന്നിങ്ങനെ പോകുന്നു വിശേഷണ വാചകങ്ങൾ. ഷോർട്ട് ഫിലിമുകളും റീൽസുകളും പ്രചരണത്തിലുണ്ടെങ്കിലും അനൗൺസ്മെന്റുകൾ വലിയൊരു വികാരം തന്നെയാണ്.

ഏതു തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കു വേണ്ടി 15 വർഷത്തോളമായി അനൗൺസ് ചെയ്യുന്ന നീരാവിൽ സ്വദേശി രാജേഷ് തൃക്കാട്ടിലാണ് എം. മുകേഷിന് വേണ്ടി രംഗത്തുള്ളത്. ദിവസേന ഉണ്ടാകുന്ന രാഷ്ട്രീയ സംഭവങ്ങളും വാർത്തകളുമൊക്കെ അനൗൺസ്‌മെന്റിന്റെ ഭാഗമാകും. ലൈവ് അനൗൺസ്‌മെന്റിന് ജില്ലയിൽ നിന്ന് ആളെ ലഭിച്ചില്ലെങ്കിൽ മറ്റ് ജില്ലകളിൽ നിന്നെത്തിച്ചും ചെയ്യാറുണ്ട്. അരമണിക്കൂറിനുള്ളിൽ സ്റ്റുഡിയോയിൽ മികവുറ്റ ശബ്ദ ഭംഗിയോടെ
സ്ഥാനാർത്ഥിയുടെ ഗാനം ഉൾപ്പെടെ മിക്‌സ് ചെയ്ത് പെൻഡ്രൈവ് നൽകും

ചുട് വെല്ലുവിളി

ജില്ലയിലെ കനത്ത ചൂട് ലൈവ് അനൗൺസ്‌മെന്റിന് വെല്ലുവിളിയാണെന്ന് അനൗൺസർമാർ പറയുന്നു. ഇടയ്ക്ക് ലൈവ് നി​റുത്തി​ റെക്കോർഡ് ഇടേണ്ട സ്ഥിതിയാണ്. പുറത്തെചൂടിന് പുറമേ വണ്ടിയി​ലെ ആംപ്ലിഫയർ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ചൂടും അസഹനീയമാണ്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് അനുവദനീയ സമയം. ഈ സമയത്തിനുള്ളിൽ മുന്നണികൾ നിർദേശിച്ച സ്ഥലങ്ങളിലെത്തി ലൈവ് അനൗൺസ്‌മെന്റ് നടത്തുകയെന്നത് വെല്ലുവിളിയാണ്.

ലക്ഷ്യങ്ങളേറെ

 മുന്നണിയും സ്ഥാനാർത്ഥിയും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ജനങ്ങളിൽ എത്തി​ക്കുക

 ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും അനൗൺസ്‌മെന്റുകൾ

 സ്വീകരണപരിപാടികളിൽ ലൈവ് അനൗൺസ്മെന്റും അല്ലാത്ത സമയങ്ങളിൽ റെക്കോർഡും

 എൽ.ഡി.എഫിന് ലൈവ് അനൗൺസ്‌മെന്റുകൾ കൂടുതൽ.

 യു.ഡി.എഫിനും എൻ.ഡി.എയ്ക്കും കൂടുതൽ റെക്കോർഡിംഗുകൾ

കീശ കീറും

 അനൗൺസ്‌മെന്റ് റെക്കോർഡ്‌ചെയ്ത് പുറത്തിറക്കാൻ

2500 മുതൽ 5000 രൂപ വരെ.

 പുരുഷന്റെ ശബ്ദം: 200 0രൂപ

 പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം: 4000 രൂപ

Advertisement
Advertisement