കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല: യെച്ചൂരി

Sunday 21 April 2024 12:26 AM IST

കൊല്ലം: മോദി എത്ര തവണ കേരളത്തി​ൽ എത്തി​യാലും ഇവി​ടെ ബി​.ജെ.പി​ അക്കൗണ്ട് തുറക്കി​ല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭരണഘടന നമുക്ക് നൽകുന്ന മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാനുമുള്ള വേദിയാക്കിയും തിരഞ്ഞെടുപ്പിനെ മാറ്റണം. മോദി ഭരണത്തിൽ മതേതര ജനാധിപത്യം, സാമ്പത്തിക പരമാധികാരം, ഫെഡറൽ സംവിധാനം സാമൂഹ്യനീതി എന്നിവ ആക്രമണങ്ങൾക്ക് വിധേയമാവുകയാണ്. വ്യാജ ആരോപണങ്ങളുടെ പേരിൽ യു.ഡി.എഫ് എന്തിനാണ് ഇടത് സർക്കാരിനെ വിമർശിക്കുന്നതെന്നറിയില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. അറസ്റ്റിനെ പേടിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. കോൺഗ്രസ് ആത്മപരിശോധനയ്ക്കു തയ്യാറാകണം. പൗരത്വ നിയമം വന്നപ്പോഴോ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴോ കോൺഗ്രസ് നിശബ്ദമായിരുന്നു. പാർലമെന്റിന് അകത്തും പുറത്തും ഇവയ്ക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചത് സി.പി.എമ്മും ഇടതു പാർട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് പ്രസിഡന്റ് കെ.രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, എം.മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ, എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. വരദരാജൻ, എക്‌സ്. ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി. ലാലു, ആർ. വിജയകുമാർ, ആർ.ജെ.ഡി സംസ്ഥാന എക്സിക്യുട്ടീവ് അംഗം തൊടിയിൽ ലുക്ക്മാൻ തുടങ്ങിയവർ സംസാരി​ച്ചു,

Advertisement
Advertisement