വെന്തുരുകുന്നവരെ ദ്രോഹിച്ച് കെഎസ്ഇബി, ജനങ്ങള്‍ അനുഭവിക്കുന്നത് വന്‍ ദുരിതം

Sunday 21 April 2024 12:19 AM IST

തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് 16 മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.വെള്ളിയാഴ്ച രാത്രി 11.15ഓടെ ഉണ്ടായ മഴയിലും കാറ്റിലുമാണ് 70 വര്‍ഷം പഴക്കമുള്ള മരത്തിന്റെ മൂന്ന് ശിഖരം ഒടിഞ്ഞത്. ഇവയില്‍ ഒന്ന് അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ വീണതോടെ വൈദ്യുതി തടസപ്പെടുകയായിരുന്നു.ഇതോടെ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് കടകള്‍ പ്രവര്‍ത്തിച്ചില്ല.മറ്റ് രണ്ട് ശിഖരം വട്ടിയൂര്‍ക്കാവ് പോകുന്ന റോഡിന്റെ വശത്തേക്ക് തൂങ്ങി കിടന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

വട്ടിയൂര്‍ക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ട്രാഫിക്ക് പൊലീസ് ഇടപ്പഴിഞ്ഞി,മരുതംകുഴി റോഡിലേയ്ക്ക് തിരിച്ചുവിട്ടതോടെ ഗതാഗതക്കുരുക്ക് ജനങ്ങളെ വലച്ചു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് രാവിലെ സ്ഥലത്തെത്തിയെങ്കിലും ക്രെയിന്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോയി.മരം മുറിയ്ക്കുന്നതിനെച്ചൊല്ലി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ജനങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി.ഉച്ചയോടെ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് സ്ഥലത്തെത്തി.കെ.ആര്‍.എഫ്.ബിയുടെ ഗോഡൗണില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ച് ഉച്ചയ്ക്ക് 2.30ഓടെ മരച്ചില്ലകള്‍ മുറിച്ചുമാറ്റി.വൈകിട്ട് 3.15ഓടെ വൈദ്യുതി പുനഃസ്ഥാപിച്ചു.

ഭിക്ഷാടന സമരവുമായി കൗണ്‍സിലര്‍

അപകടകരമായി നിന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറായില്ലെന്നാരോപിച്ച് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ ഭിക്ഷാടന സമരം നടന്നു.മരം മുറിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനെ വിളിച്ചുപറഞ്ഞപ്പോള്‍ പണമില്ലാത്തതിനാല്‍ തത്കാലം മരം മുറിയ്ക്കാനാവില്ലെന്ന് അവര്‍ അറിയിച്ചതായി മധുസൂദനന്‍ നായര്‍ പറയുന്നു.നാട്ടുകാരില്‍ നിന്ന് ഭിക്ഷയെടുത്ത് മരം മുറിയ്ക്കുന്നതിന് ജംഗ്ഷനില്‍ തുണി വിരിച്ച് ഭിക്ഷയെടുപ്പ് സമരം നടത്തി.

നഗരസഭയും കളക്ടറും വിമുഖത കാട്ടിയതോടെ കാട്ടാക്കടയുള്ള മരം മുറിക്കാരനെ മധുസൂദനന്‍ സ്വയം ഏര്‍പ്പാടാക്കി.അതേസമയം നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മരങ്ങളില്‍ ദീപാലങ്കാരം നടത്തിയതാണ് ശിഖരങ്ങള്‍ ഒടിയാന്‍ കാരണമെന്ന് ചിലര്‍ ആരോപിച്ചു.തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തുള്ള മുതലെടുപ്പാണ് ബി.ജെ.പിയുടെ കൗണ്‍സിലര്‍ നടത്തുന്ന ഭിക്ഷാടന സമരമെന്ന് വി.കെ.പ്രശാന്ത് എം.എല്‍.എ പറഞ്ഞു.