യു.ഡി.എഫ് നുണപ്രചാരണം ജനം തിരിച്ചറിയും : പിണറായി

Sunday 21 April 2024 1:42 AM IST
പുറമേരിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി കെ.കെ ശൈലജയും ചേർന്ന് സദസിനെ അഭിവാദ്യം ചെയ്യുന്നു

വടകര: യു.ഡി.എഫിന്റെ നുണപ്രചാരണം ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പ്രചരണാർത്ഥം പുറമേരി സ്കൂൾ മൈതാനിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിരുകവിഞ്ഞ മോഹത്തോടെ തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടിയവർ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടിവരുമ്പോൾ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലാണ്. കെ.പി.സി. സി പ്രസിഡന്റും പ്രതിപക്ഷനേതാവും വരെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. പൗരത്വ നിയമ ഭേദഗതിയിൽ വ്യക്തമായ നിലപാട് സ്വീകരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ആർ.എസ്.എസിന് ജനിച്ച നാൾ മുതൽ മതനിരപേക്ഷതയ്ക്കെതിരായ നിലപാടാണ്. മതാധിഷ്ഠിതമാകണം രാജ്യം എന്നാണ് ആർ.എസ്.എസ് നിലപാട്. രാജ്യം കണ്ട ഒരുപാട് കലാപങ്ങൾ, കൂട്ട കശാപ്പുകൾ,​ വംശഹത്യകൾ ഇവയൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല. എല്ലാം ആർ.എസ്.എസ് പ്ലാൻ ചെയ്തു നടപ്പാക്കിയതാണ്. ഗുജറാത്ത്, മണിപ്പൂർ കലാപങ്ങൾ ഉദാഹരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ നിന്ന് എന്തുകൊണ്ടാണ് പിന്മാറിയെന്നു രാഹുൽഗാന്ധി വ്യക്തമാക്കണം. രാജ്യത്തെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കോൺഗ്രസ് നടത്തിയില്ല.

ഇലക്ടറൽ ബോണ്ട് സി പി എമ്മും വാങ്ങിയിട്ടുണ്ടെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. രാജ്യം മുഴുവനറിയാം ഇലക്ടറൽ ബോണ്ടിൽ ഞങ്ങളുടെ നിലപാട്. ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത ഒരേയൊരു പാർട്ടി സി.പി.എമ്മാണ്. കോൺഗ്രസ് 1952 കോടി രൂപ വാങ്ങി. അതിനെ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. ബി.ജെ.പി നിലപാട് തന്നെയാണ് കോൺഗ്രസിന്. കോൺഗ്രസ് എല്ലാം വാങ്ങി കൈയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ ഏക രാഷ്ട്രീയ പാർട്ടി സി.പി.എമ്മാണെന്നും പിണറായി പറഞ്ഞു.

Advertisement
Advertisement