അറസ്റ്റും ജയിലും ഭയക്കുന്നവരല്ല ഇടതുപക്ഷം:സീതാറാം യെച്ചൂരി

Sunday 21 April 2024 1:57 AM IST

ആലപ്പുഴ: ഇടതുപക്ഷം അറസ്റ്റും ജയിലും ഭയക്കുന്നവരല്ലെന്നും ഭയന്ന് ബി.ജെ.പിയിലേക്ക് പോകുന്നത് കോൺഗ്രസുകാരാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായിയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ചോദിക്കുന്നു. പിണറായി അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയിലിൽ കിടന്ന ആളാണെന്ന് ഓ‌ർക്കണം. ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം നഗരസഭാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി വീണ്ടും അധികാരത്തിൻ വന്നാൽ രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരും.ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രധാന ശത്രു ഇടതുപക്ഷമാണ്. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണോ എന്നു തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്.

മതേതര രാജ്യത്തെ ഹിന്ദുമത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ശ്രമമുണ്ട്. അതിനെ നേരിടുക എന്നതാണ് പ്രധാനം.

കേരളം കടന്നാൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ഓർക്കണം. കേരളത്തിൽ പിണറായിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നു.
ഏതെങ്കിലും കോൺഗ്രസ് നേതാവ് പരസ്യമായി പൗരത്വ ഭേദഗതി നിയമത്തെ എതിർത്തിട്ടുണ്ടോ? പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകേണ്ടതല്ല എന്നതാണ് ഇടതുപക്ഷ നയമെന്നും അദ്ദേഹം പറഞ്ഞു.

പരിഭാഷകനെ തിരുത്തി

പ്രസംഗം പരിഭാഷപ്പെടുത്തവേ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കളുടെ പേരുകൾ കൂട്ടിച്ചേർത്ത പരിഭാഷകനെ യെച്ചൂരി തിരുത്തി. "പ്രസംഗത്തിൽ പറയാത്ത പേരുകൾ പരാമർശിക്കരുത്, ഞാൻ ഒരു പേരും പറഞ്ഞിട്ടില്ല, പേരല്ല നയമാണ് പ്രധാനം"- ഇതായിരുന്നു തിരുത്തൽ. ഇ.ജെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സ്ഥാനാർത്ഥി എ.എം ആരിഫ്, എം.എൽ.എമാരായ എച്ച്.സലാം, ജെ.ചിത്തരഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement