മാസപ്പടികേസിൽ വീണാവിജയന് ഇഡി വെള്ളിയാഴ്ച‌യ്ക്കുമുമ്പ് നോട്ടീസ് നൽകും? തിരഞ്ഞെടുപ്പിന് മുമ്പ് ചാേദ്യം ചെയ്യാനും നീക്കം

Sunday 21 April 2024 7:27 AM IST

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഉടൻ ചോദ്യംചെയ്യാനുള്ള നീക്കവുമായി ഇഡി. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വെള്ളിയാഴ്ചയ്ക്കുമുമ്പുതന്നെ ഇതിനായുള്ള നോട്ടീസ് അയയ്ക്കുമെന്നാണ് ഇഡി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തയെയും ജീവനക്കാരെയും ചോദ്യംചെയ്തതിൽ നിന്ന് വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട്വെയർ എന്ന സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണാവിജയനെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിൽ ഇഡി എത്തിച്ചേർന്നതെന്നാണ് സൂചന. നടന്നത് കള്ളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഉണ്ടോ എന്നും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൂടുതൽപേരെ വരും ദിവസങ്ങളിലും ഇഡി ചോദ്യംചെയ്യും. ചോദ്യം ചെയ്ത ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ഇഡി കേസെടുത്തത്.

Advertisement
Advertisement