'തൃശൂർ പൊലീസ് കമ്മിഷണർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് പിണറായിയുടെ അറിവോടെ'; വിമർശനവുമായി കെ സുരേന്ദ്രൻ

Sunday 21 April 2024 5:59 PM IST

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

'കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാന്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ ഉടൻ നടപടിയെടുക്കണം. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശീലമാക്കി മാറ്റുകയാണ്. ആനകൾക്കുവേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മിഷണർ അനുവദിച്ചില്ല.

പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മിഷണറുടെ പ്രവൃത്തികൾ തെളിയിക്കുന്നതാണ്. തൃശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശൂർ പൂരത്തിന്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നത്'- കെ സുരേന്ദ്രൻ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃശൂർ പൂരത്തിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതിൽ ജനപ്രതിനിധികൾക്കും കടുത്ത അതൃപ്തിയുണ്ട്. പൂരത്തിന് മുൻപ് വനംവകുപ്പിന്റെ നിബന്ധനകൾ കടുപ്പിച്ചതിനെതിരെ മന്ത്രി കെ രാജൻ ശക്തമായി പ്രതികരിച്ചിരുന്നു. വെടിക്കെട്ട് വെെകിപ്പിച്ച് ജനങ്ങളെ നിരാശരാക്കിയതിൽ പൊലീസിനെതിരെ മുന്നണിനേതാക്കൾക്കും പ്രതിഷേധമുണ്ട്.

പൂരദിനത്തിൽ തിരുവമ്പാടി ഭഗവതി രാവിലെ എഴുന്നള്ളുമ്പോഴും പൊലീസ് ഇടപെടൽ സംഘർഷമുണ്ടാക്കിയിരുന്നു. ആനയെഴുന്നള്ളിപ്പിനൊപ്പം ദേവസ്വം ഭാരവാഹികളെ പോലും നിൽക്കാൻ അനുവദിക്കാത്തതാണ് പ്രശ്‌നമായത്. വഴികളടച്ച് ആളുകളെ ബുദ്ധിമുട്ടിച്ചു. കൃത്യസമയത്ത് നിയന്ത്രിക്കാത്തതിനാൽ വാഹനങ്ങൾ പൂരം എഴുന്നള്ളിപ്പിലേയ്ക്ക് എത്തുന്ന സ്ഥിതിയുമുണ്ടായി.

മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുമ്പോഴും പൊലീസിന്റെ ഇടപെടലുണ്ടായി. ഇവിടെ കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവരെ തള്ളിമാറ്റി. വടക്കുന്നാഥക്ഷേത്രത്തിലെ ഒരു പൂജാരിയെ തടഞ്ഞതായും പരാതിയുണ്ട്. പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോഴാണിതെന്ന് പറയുന്നു.

അടുത്ത പൂരത്തിനും ഉദ്യോഗസ്ഥതലങ്ങളിൽ അനാവശ്യനിയന്ത്രണം തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞവർഷത്തെ പൂരത്തിനും തെക്കോട്ടിറക്കത്തിന്റെ സമയത്ത് പൊലീസ് ലാത്തിവീശിയതിന് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഈയാണ്ടിലും ആവർത്തിച്ചത് പൊറുക്കാനാവില്ലെന്ന് തിരുവമ്പാടി വിഭാഗം വ്യക്തമാക്കി.

Advertisement
Advertisement