തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം; കമ്മീഷണർ  അങ്കിത്  അശോകനെ  മാറ്റും

Sunday 21 April 2024 8:02 PM IST

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുൻപാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഉദ്യോഗസ്ഥരെ മാറ്റുന്നതിന് ആവശ്യമാണ്.

ജില്ലാ പൊലീസ് മേധാവിയെ നിയമിക്കുമ്പോൾ പാനൽ തന്നെ നൽകണം. മൂന്ന് എസ്‌പിമാരുടെ പാനൽ തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുക്കും. തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സുദർശനെയും സ്ഥലമാറ്റും.

തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ എഡിജിപി നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നത്. കമ്മീഷണർ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നതാണ് ശ്രദ്ധയം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃശൂർ പൂരത്തിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതിൽ ജനപ്രതിനിധികൾക്കും കടുത്ത അതൃപ്തിയുണ്ട്. പൂരത്തിന് മുൻപ് വനംവകുപ്പിന്റെ നിബന്ധനകൾ കടുപ്പിച്ചതിനെതിരെ മന്ത്രി കെ രാജൻ ശക്തമായി പ്രതികരിച്ചിരുന്നു. വെടിക്കെട്ട് വെെകിപ്പിച്ച് ജനങ്ങളെ നിരാശരാക്കിയതിൽ പൊലീസിനെതിരെ മുന്നണിനേതാക്കൾക്കും പ്രതിഷേധമുണ്ടായിരുന്നു.