ബാങ്ക് മാനേജർ ജോലി കളഞ്ഞു,​ കൃഷിയിൽ ജീവിതം വസന്തമായി

Monday 22 April 2024 12:00 AM IST
അബിനോ സാജൻ ചാണകസ്ലറി വിതരണത്തിനിടെ

കൊച്ചി: ബാങ്ക് മാനേജർ ജോലി കൈവിട്ട് കർഷകനായപ്പോൾ അബിനോ സാജന് സന്തോഷം. ദേഹാദ്ധ്വാനം കൂടുതലാണെങ്കിലും മനസ്സമാധാനമുണ്ട്. ചാണകവും ഗോമൂത്രവും ചേർത്ത് രൂപപ്പെടുത്തിയ ലായനിയാണ് വിളവിന് ഉത്തമമെന്ന് മനസ്സിലാക്കിയതോടെ അതൊരു ചെറുകിട സംരംഭമാക്കി. 'ഗോവൃദ്ധി' എന്ന പേരിലുള്ള അതിന്റെ വില്പനയിലൂടെ ജീവിക്കാനുള്ള വരുമാനവും വന്നെത്തി.

കൊവിഡ് പ്രതിസന്ധിയിലാണ് അബിനോ സാജൻ ഒരു ഷെഡ്യൂൾഡ് ബാങ്കിന്റെ പടിയിറങ്ങിയത്. കൈമുതലായി എൻജിനിയറിംഗ് ബിരുദമുണ്ടെങ്കിലും മണ്ണിലേക്കിറങ്ങാനായിരുന്നു തീരുമാനം. കുന്നംകുളം കാട്ടാകാമ്പലിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന മച്ചിങ്ങൽ പുലിക്കോട്ടിൽ കുടുംബാംഗമാണ് 38കാരനായ അബിനോ. കൃഷി ക്ഷയിച്ചതിന്റെ കാരണങ്ങളിലൊന്ന് വളക്കൂറില്ലാത്ത മണ്ണാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ പരിഹാരം തേടി. ഗോമൂത്രവും ചാണകവുമാണ് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ ഉചിതമെന്ന് പരമ്പരാഗതകൃഷിരീതികളിൽനിന്ന് മനസിലാക്കി. അതിനായി വീണ്ടും പശുക്കളെ വളർത്തി. ചാണകലായനി വളമാക്കിയതോടെ നല്ല വിളവ് ലഭിച്ചു. ഇതു കണ്ട് സമീപവാസികളും ചാണക ലായനി ചോദിച്ചു. അങ്ങനെയാണ് 'ഗോവൃദ്ധി' എന്ന സംരംഭം തുടങ്ങിയത്. നോട്ടീസടിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെയും അതിന് പ്രചാരണവും നൽകി. മോപ്പഡിൽ 10 ലിറ്റർ ക്യാനുകളിലാക്കി ആവശ്യക്കാർക്കെത്തിച്ചു. അടുക്കളപ്പുറത്തും മട്ടുപ്പാവിലും കൃഷിചെയ്യുന്നവരും ആവശ്യക്കാരാണ്. ഓർഡർ അനുസരിച്ച് റൂട്ടുകൾ നിശ്ചയിച്ചു. ഓൺലൈൻ ബുക്കിംഗുമൊരുക്കി.

സ്വന്തം ലോറി സ്വയം ഓടിച്ചാണ് കച്ചവടം.ചാണക ലായനിക്കൊപ്പം ലോറിയിൽ മോപ്പഡും കയറ്റും. ഇടവഴികളിലെ വിതരണത്തിനാണ് ഇരുചക്രവാഹനം. ചെലവ് ഏറിയതോടെ, ക്ഷീരകർഷകരിൽ നിന്ന് ഗോമൂത്രവും ചാണകവും സംഭരിക്കാനും തുടങ്ങി. പദ്ധതി വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.

പിന്തുണയുമായി ഭാര്യ ട്വിങ്കിളും മകൾ അറ്റ്വിനയുമുണ്ട്.

 ഗോവൃദ്ധി ഇങ്ങനെ

വലിയ ടാങ്കിൽ ചാണകവും ഗോമൂത്രവും ചേർത്തിളക്കി 21 ദിവസം പുളിപ്പിച്ച ഗാഢലായനിയാണ് വില്പന നടത്തുന്നത്. ഇരുപതിരട്ടി വെള്ളം ചേർത്ത് വേണം ഉപയോഗിക്കാൻ. പച്ചക്കറികൾക്ക് ആഴ്ചയിൽ 200 മില്ലി, തെങ്ങിനും കവുങ്ങിനും മാസത്തിൽ അഞ്ചു ലിറ്റ‌ർ എന്നിങ്ങനെ നൽകണം. പൂച്ചെടികൾക്ക് ചെറുതായി തളിച്ചുകൊടുത്താൽ മതി. ദുർഗന്ധമില്ല.

3500 ലിറ്റർ:

പ്രതിമാസ

വില്പന

20 രൂപ:

ഒരു ലിറ്റർ

ഗാഢ ലായനിക്ക്

2 വർഷം:

സൂക്ഷിച്ചുവയ്ക്കാം

`ചെടികളിൽ ഫലസമൃദ്ധി ദിവസങ്ങൾക്കകം ദൃശ്യമാകും. ഇലപ്പുഴുവിനെതിരായ ജൈവകീടനാശിനി കൂടിയാണിത്".

- അബിനോ

Advertisement
Advertisement