മെഡിക്കൽ കോളേജുകളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങില്ല  സ്റ്റെന്റ് വാങ്ങാൻ 10 കോടി  വാങ്ങുന്നത് ഐ.എച്ച്.ഡി.ബി വഴി

Monday 22 April 2024 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റ് ഉൾപ്പെടെ നൽകുന്നത് വിതരണ സ്ഥാപനങ്ങൾ നിറുത്തിവച്ചതു മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാൻ ബദൽ മാർഗവുമായി സർക്കാർ. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്ക് (ഐ.എച്ച്.ഡി.ബി) വഴി സ്റ്റെന്റ് വാങ്ങി നൽകാൻ 10 കോടി രൂപ അനുവദിച്ചു. പേസ് മേക്കർ, ബലൂൺ, വാൽവ് തുടങ്ങിയവയും വാങ്ങും.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് ഒരു മാസത്തേക്കാണ് വാങ്ങുന്നത്. അത്യാവശ്യമുള്ള ജനറൽ ആശുപത്രികൾക്കും ലഭ്യമാക്കും. ഈയാഴ്ച മുതൽ എത്തിക്കും. 19 സർക്കാർ ആശുപത്രികളിലായി 143 കോടി രൂപ കുടിശികയായതോടെ ഈ മാസം ഒന്നു മുതലാണ് സ്ഥാപനങ്ങൾ സ്റ്റെന്റ് വിതരണം നിറുത്തിയത്. ഇതോടെ നിലവിലുള്ള സ്റ്റോക്കു വച്ച് ആശുപത്രികൾ അഡ്ജസ്റ്റ് ചെയ്യുകയാണ്. ഇത് തീർന്നാൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് ഒഴിവാക്കാനാണ് സർക്കാർ ഇടപെടൽ.

വിലയിൽ 8 % കുറയും

നിലവിൽ മെഡിക്കൽ കോളേജുകളിൽ സ്റ്റെന്റ് വാങ്ങുന്ന വിലയിൽ നിന്ന് എട്ടു ശതമാനം കുറച്ച് നൽകാമെന്ന് ഐ.എച്ച്.ഡി.ബി അറിയിച്ചിട്ടുണ്ട്. പണം മുൻകൂർ വേണമെന്ന് ആവശ്യപ്പെട്ട പ്രകാരമാണ് 10 കോടി അനുവദിച്ചത്. എന്നാൽ, തുടർന്നുള്ള മാസങ്ങളിലും പണം നൽകുമോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം പ്രതിമാസം രണ്ടു കോടിയുടെ സ്റ്റെന്റ് ആവശ്യമുണ്ട്. അതേസമയം, പാലക്കാട് ജനറൽ ആശുപത്രിയിലെ കുടിശികയായ 1.36 കോടി കഴിഞ്ഞയാഴ്ച നൽകിയതോടെ അവിടത്തെ സമരം വിതരണക്കാർ അവസാനിപ്പിച്ചു.