ജപ്തിക്കിടെ പൊള്ളലേറ്റ് വീട്ടമ്മയുടെ മരണം: മൃതദേഹവുമായി എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകരുടെ പ്രതിഷേധം
നെടുംങ്കണ്ടം: ജപ്തിയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച നെടുങ്കണ്ടം ആശാരികണ്ടം ആനികുന്നേൽ വീട്ടിൽ ഷീബാ ദിലീപിന്റെ മൃതദേഹവുമായി എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ പ്രവർത്തകർ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചു.
പൊലീസിനെ ഉപയോഗിച്ച് തിടുക്കപ്പെട്ട് ജപ്തി നടപടിക്കൊരുങ്ങിയ ബാങ്കുകാരാണ് ഷീബയുടെ മരണത്തിന് ഉത്തരവാദികളെന്ന് നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു. ഷീബയുടെ വീട്ടിൽ അടിക്കടിയുണ്ടായ രോഗബാധ മൂലം തുടർച്ചയായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ സാവകാശം വേണമെന്ന് ബാങ്കിനോട് ഷീബ ആവശ്യപ്പെട്ടിരുന്നു.
നെടുങ്കണ്ടം യൂണിയൻ വനിത സംഘത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു ഷീബാ ദിലീപ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഷീബയുടെ വീട്ടിൽ എത്തിയത്. തിങ്കളാഴ്ച വരെ സാവകാശം നൽകണമെന്ന് ഷീബ ബാങ്ക് അധികൃതരോട് പറഞ്ഞെങ്കിലും അംഗീകരിക്കാതെ വന്നതോടെ കൈയിൽ പെട്രോൾ കുപ്പി എടുത്ത് പിടിക്കുകയായിരുന്നു. കുപ്പി വനിതാ പൊലീസും ബാങ്ക് ഉദ്യോഗസ്ഥനും പിടിച്ച് വാങ്ങാൻ ശ്രമിച്ചു. ഇതിനിടെ പ്രെടോൾ ഷീബയുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെയും ദേഹത്ത് വീണു. താഴെ വീണ ഷീബയെ പൊലീസ് വലിച്ചിഴച്ചു.. പിടിവലിയ്ക്കിടയിൽ കൈയിലിരുന്ന ലൈറ്റർ സ്പാർക്കാകുകയും തീ പടർന്ന് പിടിക്കുകയുമായിരുന്നെന്ന് എന്നാണ് ആരോപണം.. ബാങ്ക് അധികൃതരുമായി സംസാരിച്ച് തിരിച്ചടവിന് സാവകാശം നേടിയിരുന്നു. എന്നാൽ ഇത് മറികടന്നാണ് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോയത്.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്പാക്കൽ, ബോർഡ് മെംബർ കെ.എൻ. തങ്കപ്പൻ, സജി ചാലിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നൂറ് കണക്കിന് പേരെത്തി. വൈകിട്ട് ആറ് മണിയോടെ വീട്ട് വളപ്പിൽ സംസ്‌കരിച്ചു.