ആരോഗ്യ ഇൻഷ്വറൻസിന്  തിരിച്ചടി ; പ്രായമായവർക്ക് അമിത പ്രീമിയം

Monday 22 April 2024 12:00 AM IST

#പോളിസി പ്രായപരിധി നീക്കിയത്
ജനങ്ങളെ സഹായിക്കാൻ

# അതിനെ മറികടക്കാൻ അമിതഭാരം
അടിച്ചേൽപ്പിച്ച് ഇൻഷ്വറൻസ് കമ്പനികൾ

തിരുവനന്തപുരം: ആരോഗ്യ ഇൻഷ്വറൻസ് പോളിസിയെടുക്കുന്നതിനുള്ള പ്രായപരിധി ഏപ്രിൽ ഒന്നുമുതൽ ഒഴിവാക്കിയെങ്കിലും താങ്ങാനാവാത്ത പ്രീമിയം ഈടാക്കുന്നത് സാധാരണക്കാരെ വലയ്ക്കുന്നു. വാർദ്ധക്യത്തിലെത്തിയവർക്കും പ്രയോജനപ്പെടാൻ വേണ്ടിയാണ്
ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിട്ടി (ഐ.ആർ.ഡി.എ.ഐ) പ്രായപരിധി എടുത്തുകളഞ്ഞത്. പക്ഷേ,

പ്രീമിയം തുക നിശ്ചയിക്കാനുള്ള അധികാരം ഇൻഷ്വറൻസ് കമ്പനികൾക്കാണ്.

പോളിസിയെടുക്കുന്നതിന് 65 വയസായിരുന്നു ഇതുവരെയുള്ള പ്രായപരിധി. 49 വയസുള്ളയാൾ അടയ്ക്കുന്നതിന്റെ രണ്ടിരട്ടിയിലധികം തുകയാണ് 60 വയസുകഴിഞ്ഞവരിൽ നിന്ന് പ്രീമിയമായി ഈടാക്കുന്നത്. ഇനി മുതൽ ഈ പ്രായക്കാരുടെ പ്രീമിയം തുക ഇതിനേക്കാൾ കൂടും. ഇടത്തരകാർക്കുപോലും താങ്ങാനാകില്ല. വൈദ്യപരിശോധന ഉൾപ്പെടെ നടത്തി രോഗസാദ്ധ്യത വിലയിരുത്തിയാണ് പോളിസി നൽകുന്നത്.

സംസ്ഥാനത്ത് 20 ശതമാനത്തിൽ താഴെ വ്യക്തികൾ മാത്രമാണ് പൊതുമേഖല,സ്വകാര്യ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്നതെന്നാണ് കണക്ക്. ഭൂരിഭാഗം പേരും പോളിസിയെടുക്കുമെങ്കിലും തുടർന്ന് പോകാറില്ല. ആദ്യവർഷങ്ങളിൽ ആവശ്യമാകാതെ വന്നാൽ, തുടർന്ന് പോകാൻ പുതിയ തലമുറ താത്പര്യം കാട്ടുന്നില്ല. ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാണ്.

സൗജന്യ പദ്ധതിയിൽ പ്രായം നോക്കില്ല

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് പ്രായപരിധിയില്ല.

സംസ്ഥാനത്തെ 40 ശതമാനത്തിലധികം കുടുംബങ്ങൾ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ആയുഷ്മാൻ ഭാരത് - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളാണ്.

നാലു വർഷം മൂന്നാക്കണം

പോളിസി എടുക്കുന്നതിന് മുമ്പ് 60 വയസ് കഴിഞ്ഞവർക്ക് നടത്തുന്ന വൈദ്യപരിശോധനയിൽ കണ്ടെത്തുന്ന രോഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ നാലു വർഷം കഴിയണമെന്നാണ് നിലവിലെ നിബന്ധന. അത് മൂന്നു വർഷമായി ചുരുക്കണമെന്ന് റഗുലേറ്ററി അതോറിട്ടി നിർദ്ദേശം നൽകി. കാൻസർ, ഹൃദ്രോഗം, വൃക്ക രോഗം , എയ്ഡ്സ് എന്നിവ ബാധിച്ചവർക്ക് പോളിസി നിരസിക്കാൻ പാടില്ലെന്നും ഇൻഷ്വറൻസ് കമ്പനികൾക്ക് അതോറിട്ടി നിർദേശം നൽകിയിട്ടുണ്ട്.

പ്രായപരിധിയിലെ ഇളവ് കൂടുതൽ പേരിലേക്ക് പോളിസി എത്താൻ സഹായിക്കില്ല. പ്രായപരിധിയിൽ മാത്രമാണ് ഇളവ്. മറുവശത്ത് മാനദണ്ഡങ്ങൾ കർശനമാക്കും.

-സതീഷ് ബാബു

കോ‌ഓർഡിനേറ്റർ

ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ

Advertisement
Advertisement