രാഹുൽ കേജ്‌രിവാളിന്റെ അറസ്റ്റ് ന്യായീകരിക്കുന്നു : ഡി.രാജ
കോഴിക്കോട്: പിണറായിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം കേജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നതെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്ത് വന്ന രാഹുൽ ഗാന്ധി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് ഡി. രാജ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ തരംതാണതും രാഷ്ട്രീയ സ്ഥിതി മനസിലാക്കാതെയുമാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണം. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് കേരള ജനത മറുപടി നൽകും. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന സർക്കാരായി മോദി സർക്കാർ മാറി. ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ലോകത്തെല്ലായിടത്തും സഞ്ചരിക്കുകയും എന്തിനെക്കുറിച്ചും അഭിപ്രായം പറയുകയും ചെയ്യുന്ന മോദിക്ക് മണിപ്പൂരിനെക്കുറിച്ച് മിണ്ടാട്ടമില്ല. വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇന്ത്യ മതേതര രാജ്യമായി തുടരണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ചിന്തിക്കാതെ രാഹുൽ ഗാന്ധി, കെ.സി .വേണുഗോപാൽ, ഡി.കെ .ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരെല്ലാം കേരളത്തിലെത്തി മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. പാർട്ടി വിട്ട് ദിനംപ്രതി ബി.ജെ.പിയിൽ ചേരുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ആശയ ദാരിദ്ര്യമാണ് തുറന്നുകാട്ടുന്നത്. ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ ഉൾപ്പെടെ സമാഹരിച്ച പണം കൊണ്ട് തിരഞ്ഞെടുപ്പിൽ പരസ്യത്തിനായി കോടികളാണ് ബി.ജെ.പി ഒഴുക്കുന്നതെന്നും രാജ പറഞ്ഞു.