ഹോണ്ടയുടെ മനേസർ പ്ളാന്റിൽ പുതിയ എൻജിൻ ലൈൻ
കൊച്ചി: മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഹരിയാനയിലെ മനേസറിലെ ഗ്ലോബൽ റിസോഴ്‌സ് ഫാക്ടറിയിൽ പുതിയ എൻജിൻ അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. പ്രതിദിനം 600 എൻജിനുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. 110 മുതൽ 300 സി.സി വരെയുള്ള മോഡലുകൾക്കായി എൻജിനുകൾ നിർമ്മിക്കാനുള്ള സംവിധാനം പുതിയ അസംബ്ലി ലൈനിലുണ്ട്.
2001ൽ ആരംഭിച്ച യൂണിറ്റിലാണ് ജനപ്രിയ ആക്ടീവയുടെ നിർമ്മാണം. യൂറോപ്പ്, സെൻട്രൽ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സാർക്ക് രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ 58 വിപണികളിലേക്ക് ഇവിടെ നിന്ന് എൻജിനുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
മനേസറിലെ ഫാക്ടറിയിൽ പുതിയ എൻജിൻ അസംബ്ലി ലൈൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.