മഹീന്ദ്രയുടെ പുതുക്കിയ ട്രിയോ പ്ലസ് വിപണിയിൽ

Monday 22 April 2024 12:53 AM IST

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ത്രീവീലർ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എം. എൽ. എം. എം. എൽ), മെറ്റൽ ബോഡിയുള്ള ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസിൽ മെറ്റൽ ബോഡി കൂടി ഉൾപ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. ആകർഷകമായ 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ഓട്ടോയാണ് ട്രിയോ പ്ലസ്. 2018ലാണ് ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് ത്രീവീലർ നിർമ്മാതാക്കളായ മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50,000ലധികം ട്രിയോ പ്ലസ് ഓട്ടോകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. എൽ.5.എം ഇവി വിഭാഗത്തിൽ ഏകദേശം 52 ശതമാനം വിപണി വിഹിതം ട്രിയോ പ്ലസാണ്.

പ്രകടനത്തിന്റെ കാര്യത്തിലും ട്രിയോ പ്ലസ് മുന്നിലാണ്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് കരുത്ത്. 42 എൻ. എം ടോർക്കോടുകൂടിയ എട്ട് കിലോവാട്ട് പവർ ഇത് നൽകും. ഒറ്റ ചാർജിൽ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം.

ട്രിയോ മെറ്റൽ ബോഡി വേരിയന്റ് വാങ്ങുന്ന ഡ്രൈവർമാർക്ക് ആദ്യ വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ലോൺ കാലാവധി 60 മാസമായി വർദ്ധിപ്പിച്ചതിനൊപ്പം, 90 ശതമാനം വരെ ഫിനാൻസും കുറഞ്ഞ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

Advertisement
Advertisement