ആളുമാറി വീട്ടിലെ വോട്ട്:  നാലു പേർ അറസ്റ്റിൽ 

Monday 22 April 2024 12:56 AM IST

കോഴിക്കോട് : വീട്ടിലെ വോട്ട് ആളു മാറി ചെയ്യിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ കെ.ടി. മജ്ഞുഷ, പോളിംഗ് ഓഫീസർ സി.വി.ഫെഹ്മിദ, മൈക്രോ ഒബ്സർവർ പി.കെ. അനീസ്, ബി.എൽ.ഒ ഹരീഷ്‌കുമാർ എന്നിവരെയാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 84ാം നമ്പർ ബൂത്തിൽ ക്രമനമ്പർ 74 പ്രകാരമുള്ള വോട്ടർക്ക് അനുവദിച്ചിരുന്ന വീട്ടിലെ വോട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ആളു മാറി ചെയ്തുവെന്നാണ് കുറ്റം. ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് എൽ.ഡി.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജനപ്രാതിനിധ്യ നിയമം 134(1) പ്രകാരം കേസെടുത്തത്. സംഭവത്തിൽ നാലു പേരെയും കളക്ടർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പെരുവയൽ പഞ്ചായത്തിലെ കായലം കൊടശേരിതാഴം 84-ാം നമ്പർ ബൂത്തിലെ 74 ക്രമനമ്പറുള്ള പായംപുറത്ത് ജാനകി അമ്മയുടെ (91) വോട്ട് ക്രമനമ്പർ 101 ആയ കൊടശേരി ജാനകി അമ്മയെ (80) കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. എൽ.ഡി.എഫിന്റെ ബൂത്ത് ലെവൽ ഏജന്റ് തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കളക്ടർക്ക് പരാതി നൽകിയത്.

മരിച്ചയാളിന്റെ പേരിൽ വ്യാജവോട്ട്: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

#വ്യാജ വോട്ടുചെയ്ത മരുമകൾക്കെതിരെ കേസെടുക്കും

പത്തനംതിട്ട : മെഴുവേലി കാരിത്തോട്ടയിൽ മരണമടഞ്ഞ 93 കാരിയുടെ പേരിൽ വ്യാജ വോട്ടു ചെയ്ത സംഭവത്തിൽ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെയും ബൂത്ത് ലവൽ ഓഫീസറെയും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. ആറൻമുള അസംബ്ളി മണ്ഡലത്തിലെ കാരിത്തോട്ട ബൂത്തിലെ വോട്ടർ അന്നമ്മ നാല് വർഷം മുൻപ് മരണപ്പെട്ടതാണ്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല. ഇവരുടെ പേരിൽ ഹോം വോട്ടിംഗിന് അപേക്ഷ നൽകിയിരുന്നു. ബാലറ്റു പേപ്പറുമായി ബി.എൽ.ഒ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ മരുമകൾ 65 വയസുള്ള അന്നമ്മ മാത്യുവാണ് വോട്ട് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി സെക്രട്ടറി സി.കെ.ജയ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതേ ബൂത്തിലെ വോട്ടറാണ് അന്നമ്മ മാത്യു.

ഉപ വരണാധികാരി നടത്തിയ അന്വേഷണത്തിൽ വ്യാജവോട്ടു ചെയ്തതായി കണ്ടെത്തി. ഇതേതുടർന്ന് സ്പെഷ്യൽ പോളിംഗ് ഒാഫീസർമാരായ എസ്.ദീപ, കല തോമസ്, ബി.എൽ.ഒ പി.അമ്പിളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വ്യാജ വോട്ട് ചെയ്ത അന്നമ്മ മാത്യുവിനെതിരെ ക്രിമിനിൽ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നിർദേശം നൽകി. ബി.എൽ.ഒയും വാർഡ് മെമ്പറും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് വ്യാജ വോട്ട് ചെയ്തതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.എന്നാൽ ക്രമനമ്പർ മാറിപ്പോയതാണെന്നും അബദ്ധത്തിൽ വോട്ടുചെയ്യുകയായിരുന്നുവെന്നുമാണ് അന്നമ്മ മാത്യുവിന്റെയും യു.ഡി.എഫിന്റെയും വിശദീകരണം.