എഫ്.എ കപ്പ് : ചെൽസിയെ വീഴ്ത്തി സിറ്റി ഫൈനലിൽ

Monday 22 April 2024 12:10 AM IST

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായതിന്റെ സങ്കടം ചെൽസിക്ക് മേൽ തീർത്ത് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി എഫ്.എ കപ്പിന്റെ സെമിഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഫൈനലിലേക്ക് കടക്കുകയായിരുന്നു. 84-ാം മിനിട്ടിൽ ബെർണാഡോ സിൽവയാണ് സിറ്റിക്ക് വേണ്ടി നിർണായകമായ ഗോൾ നേടിയത്. കഴിഞ്ഞ ദിവസം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ എവർട്ടണെ എതിരില്ലാത്ത ആറുഗോളുകൾക്ക് തകർത്തിരുന്ന ചെൽസി വെംബ്ളിയിൽ സിറ്റിക്കെതിരെ നടന്ന സെമിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നുപോലും ഗോളാക്കാനാകാതെയാണ് കീഴടങ്ങിയത്.84-ാം മിനിട്ടിൽ കെവിൻ ഡി ബ്രൂയ്ന്റെ ഒരു ഷോട്ട് ചെൽസി ഗോളി പെട്രോവിച്ച് തട്ടിയകറ്റിയത് പിടിച്ചെടുത്താണ് സിൽവ ഗോളാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡും കവന്ററിയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത്.