ഒറ്റയാനായി ഗുകേഷ് കാൻഡിഡേറ്റ്സ് ചെസ് ഒറ്റക്കളി മാത്രം ബാക്കി , ഗുകേഷ് ഒറ്റയ്ക്ക് മുന്നിൽ

Monday 22 April 2024 12:11 AM IST

13 റൗണ്ട് പിന്നിട്ടപ്പോൾ ഒറ്റയ്ക്ക് ലീഡ് നേടി ഇന്ത്യൻ താരം ഡി ഗുകേഷ്

മൂന്ന് സൂപ്പർ താരങ്ങളുമായി അരപ്പോയിന്റ് വ്യത്യാസം

അവസാന റൗണ്ടിൽ എതിരാളി ഹിക്കാരു നക്കാമുറ

ടൊറന്റോ : അടുത്ത ലോക ചാമ്പ്യൻഷിപ്പിലെ മത്സരാർത്ഥിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് 13 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത് 17കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷ്. അവസാന റൗണ്ട് മാത്രം അവശേഷിക്കേ സൂ
പ്പർ താരങ്ങളായ നിപ്പോംനിയാഷി, ഹിക്കാരു നക്കാമുറ, ഫാബിയാനോ കരുവാന എന്നിവരേക്കാൾ അരപ്പോയിന്റ് വ്യത്യാസത്തിലാണ് ഗുകേഷ് മുന്നിലുള്ളത്. 13-ാം റൗണ്ടിൽ ഫ്രഞ്ച് താരം അലിറേസ ഫിറോസയെ തോൽപ്പിച്ചാണ് ഗുകേഷ് ചരിത്രനേട്ടത്തിന് അരികലേക്ക് എത്തിയത്.

12-ാം റൗണ്ട് വരെ ഒന്നാം സ്ഥാനത്ത് നിപ്പോം നിയാഷിയും ഗുകേഷും സംയുക്തമായി ലീഡ് പങ്കിടുകയായിരുന്നു. 13-ാം റൗണ്ടിൽ ഗുകേഷ് വിജയം കണ്ടപ്പോൾ നിപ്പോംനിയാഷി ഹിക്കാമുറയുമായി സമനിലയിൽ പിരിയുകയായിരുന്നു. അവസാന റൗണ്ടിൽ ലോക മൂന്നാം റാങ്കുകാരനായ നക്കാമുറയാണ് ഗുകേഷിന്റെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ ഗുകേഷിന് കാൻഡിഡേറ്റ്സിൽ വിജയം നേടി അടുത്ത ലോകചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെ നേരിടാനുള്ള അവസരം ലഭിക്കും.

ഫൈനൽ റൗണ്ട് സാദ്ധ്യതകൾ

14-ാം റൗണ്ടിൽ ഗുകേഷിന് വിജയിക്കാനായാൽ 9.5 പോയിന്റാകും. കാൻഡിഡേറ്റായി മറ്റാർക്കും അവസരമില്ല. ഇന്ത്യയുടെ 17കാരൻ തന്നെ ലിറെനെ നേരിടും.

നക്കാമുറയും ഗുകേഷും സമനിലയിലായാൽ നക്കാമുറ, നിപ്പോംനിയാഷി , കരുവാന എന്നിങ്ങനെ മൂന്ന് പേർക്കാണ് ചാൻസ് ഒരുങ്ങുക.ഈ മൂവർക്കും ഇപ്പോൾ 8 പോയിന്റ് വീതമാണ്.

നിപ്പോംനിയാഷിയും കരുവാനയും തമ്മിലാണ് മറ്റൊരു അവസാന റൗണ്ട് മത്സരം. ഗുകേഷ്- നക്കാമുറ പോരാട്ടവും കരുവാന-നിപ്പോംനിയാഷി മത്സരവും സമനിലയിലായാൽ ഗുകേഷ് തന്നെ ജേതാവ്.

ഗുകേഷ്- നക്കാമുറ പോരാട്ടം സമനിലയിലാവുകയും കരുവാന-നിപ്പോംനിയാഷി മത്സരത്തിൽ ആർക്കെങ്കിലും ജയിക്കാനാവുകയും ചെയ്താൽ അവർക്കും ഗുകേഷിനും 9 പോയിന്റ് വീതമാകും. അങ്ങനെവന്നാൽ ജേതാവിനെ തിരഞ്ഞെടുക്കാൻ ഗുകേഷുമായി ടൈബ്രേക്കർ നടത്തും.

ഗുകേഷിനെ നക്കാമുറ തോൽപ്പിക്കുകയാണെങ്കിൽ നക്കാമുറയ്ക്ക് 9 പോയിന്റ്. അപ്പോൾ കരുവാന-നിപ്പോംനിയാഷി മത്സരം സമനിലയിലായാൽ നക്കാമുറ ജേതാവ്. കരുവാന-നിപ്പോംനിയാഷി മത്സരത്തിൽ ആരെങ്കിലും ജയിച്ചാൽ അയാളും നക്കാമുറയുമായി ടൈബ്രേക്ക്.

പോയിന്റ് ടേബിൾ

13-ാം റൗണ്ടിന് ശേഷം

ഡി.ഗുകേഷ് 8.5

നക്കാമുറ 8

നിപ്പോംനിയാഷി 8

കരുവാന 8

പ്രഗ്നാനന്ദ 6

വിദിത്ത് 5.5

അലിറേസ 4.5

അബാസോവ് 3.5

വൈശാലിക്ക് നാലാം ജയം

വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആർ.വൈശാലി 13-ാം റൗണ്ടിൽ ലേയ് ടിംഗ്ജിയെ തോൽപ്പിച്ചു. വൈശാലിയുടെ തുടർച്ചയായ നാലാം ജയമാണിത്.എങ്കിലും വൈശാലിക്ക് കിരീടസാദ്ധ്യതയില്ല. 6.5 പോയിന്റ് മാത്രമാണ് വൈശാലിക്ക്. ഒന്നാമതുള്ള ടാൻ ഷോംഗിക്ക് 8.5 പോയിന്റുണ്ട്.

ദോമ്മരാജു ഗുകേഷ്

2006ൽ ചെന്നൈയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം.ഏഴാം വയസിൽ ചെസ് പഠിച്ചു. ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനം. 2700 റേറ്റിംഗ് പോയിന്റിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരം. കാൻഡിഡേറ്റ്സിൽ കളിക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരവും ഗുകേഷ് തന്നെ.

Advertisement
Advertisement