സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ട്: അൽക്ക ലാംബ

Monday 22 April 2024 12:44 AM IST

കോഴിക്കോട്: സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അൽക്ക ലാംബ. ബി.ജെ.പിക്കെതിരെ നിന്ന രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എന്നാൽ ലാവ്‌ലിൻ കേസ് എന്തായി. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഉൾപ്പെടെ ഉള്ളവയിൽ ഇ.ഡി ഒരു നടപടിയും എടുത്തിട്ടില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തു. എന്നാൽ മുഖ്യമന്ത്രിയെ തൊട്ടില്ലെന്ന് ലാംബ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രാഹുൽ ഗാന്ധി ബി.ജെ.പിയെ വിമർശിക്കുമ്പോൾ പിണറായി വിജയൻ രാഹുൽ ഗാന്ധിയെയാണ് വിമർശിക്കുന്നത്. എന്തുകൊണ്ട് ബി.ജെ.പിയെ വിമർശിക്കുന്നില്ല. രാഹുൽ ഗാന്ധി ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള യാത്രയിലാണ്. സ്ത്രീ ശാക്തീകരണം, തൊഴിൽ തുടങ്ങി 25 ഗ്യാരണ്ടിയാണ് കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അഗ്നിവീർ എടുത്തു കളയും. യു.ഡി.എഫ് 20 സീറ്റിലും വിജയിക്കുമെന്നും അൽക്ക ലാംബ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, തമിഴ്നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഹസീന സെയ്ദ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് എന്നിവരും പങ്കെടുത്തു.