അറുപത് കഴിഞ്ഞവരെ തേടി സർവേ, വിലാസം വെബ് സൈറ്റിലിടും, കഷ്ടപ്പെടുന്നവരെ സഹായിക്കും

Monday 22 April 2024 12:45 AM IST

തിരുവനന്തപുരം: പരസഹായമില്ലാതെ ജീവിക്കാനാവാത്തവരെ കണ്ടെത്തി സഹായമെത്തിക്കാൻ സാമൂഹ്യനീതി വകുപ്പിന്റെ വയോജന സർവേ സംസ്ഥാനത്ത് ഉടൻ ആരംഭിക്കും. അറുപത് കഴിഞ്ഞ എല്ലാവരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വയോജനങ്ങളെ നേരിൽക്കണ്ടുള്ള സർവേ ഏത് വകുപ്പാണ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്.

വയോജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക- ആരോഗ്യ അവസ്ഥ മനസിലാക്കാനുള്ള സർവേയിൽ നാൽപ്പതിലേറെ ചോദ്യങ്ങളുണ്ടാവും.

ഒറ്റയ്ക്ക് താമസിക്കുന്നവരാണോ,​ പരസഹായം ആവശ്യമുണ്ടോ ?,​പീഡനം നേരിടുന്നുണ്ടോ?

മക്കൾ സംരക്ഷിക്കുന്നുണ്ടോ? സർക്കാരിന്റെ സഹായം ആവശ്യമുണ്ടോ?​ കിടപ്പുരോഗികളാണോ? കാഴ്ച -കേൾവി കാഴ്ചത്തകരാറുണ്ടോ,​ ആ അവസ്ഥയെ നേരിടാൻ എയ്ഡ് ആവശ്യമുണ്ടോ,​ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ സർവേയിലുണ്ടാവും.

അറുപത് വയസ് കഴിഞ്ഞവരുടെ വിവരങ്ങൾ ആറുമാസത്തിലോ വർഷത്തിലൊരിക്കലോ സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. തദ്ദേശസ്ഥാപനങ്ങൾക്കാവും ഇതിന്റെ ചുമതല. മരിച്ചുപോയ ആളുടെ കുടുംബം മരണസർട്ടിഫിക്കറ്റ് എടുക്കുന്നതോടെ ആ വ്യക്തിയുടെ വിവരം സൈറ്റിൽ നിന്ന് മാറ്റും

പരിചാരകരെ കണ്ടെത്താം

കിടപ്പുരോഗികൾക്കുള്ള പരിചാരകരെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ടാവും.

വയോജനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സേവനങ്ങൾ,​ സ്കീമുകൾ,ഓരോ ആവശ്യത്തിനും സമീപിക്കേണ്ട വകുപ്പുകൾ എന്നിവയും അറിയാൻ കഴിയും