മോഷണ വിവരം അറിയിച്ചപ്പോഴുള്ള പൊലീസിന്റെ ചോദ്യം നിരാശപ്പെടുത്തി, പക്ഷേ... ജോഷിയുടെ വെളിപ്പെടുത്തൽ

Monday 22 April 2024 10:17 AM IST

കൊച്ചി: പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന് ഒരു കോടിയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന മോഷ്‌ടാവിനെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. മോഷണ വിവരം അറിഞ്ഞയുടൻ പൊലീസിനെ വിളിച്ചപ്പോൾ ലഭിച്ച മറുപടിയടക്കമുള്ളവയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.


പൊലീസിനോട് വിളിക്കുന്നത് ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടിൽ മോഷണം നടന്നെന്നാണ് പറഞ്ഞത്. ഇതുകേട്ടതും പുത്തൻകുരിശിലാണോയെന്ന് പൊലീസ് ചോദിച്ചു. ആ ചോദ്യം തന്നെ നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിളിക്കാൻ പറഞ്ഞ് നമ്പർ തന്നു. ആ നമ്പരിൽ വിളിച്ചില്ല. പകരം നിർമാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു.


സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങൾക്കാണ് പിന്നീട് താൻ സാക്ഷിയായത്. കമ്മീഷണറും ഡി സി പിയും അടക്കമുള്ള മുഴുവൻ സംഘവും ഉടൻ സ്ഥലത്തെത്തി. എ സി പി പി രാജ്‌കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയിൽ കാണുന്ന അന്വേഷണം ഒന്നും അല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷൻ നേരിട്ടുകണ്ടപ്പോൾ മനസിലായി. സമൂഹത്തിനും പൊലീസ് സേനയ്ക്കും മാതൃകയാകുന്ന വിധത്തിലായിരുന്നു അന്വേഷണമെന്നും അത്രയും കഠിനാദ്ധ്വാനത്തിലൂടെയാണ് പ്രതി വലയിലായതെന്നും ജോഷി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ജോഷിയുടെ 'ബി' സ്ട്രീറ്റ് 'അഭിലാഷം' വീട്ടിൽ കവർച്ച നടന്നത്. കുപ്രസിദ്ധ മോഷ്ടാവ് 'ബീഹാർ റോബിൻഹുഡ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ (34) ആണ് മോഷണം നടത്തിയത്.

അടുക്കളയുടെ ജനലിലൂടെ അകത്തുകടന്ന പ്രതി മുകൾനിലയിലെ രണ്ട് മുറികളിൽ നിന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്‌ലേസ്, എട്ട് ലക്ഷം രൂപയുടെ 10 വജ്രക്കമ്മലുകൾ, 10 മോതിരങ്ങൾ, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകൾ തുടങ്ങിയവയാണ് കവർന്നത്. രാവിലെ ആറോടെയാണ് എറണാകുളം സൗത്ത് പൊലീസ് വിവരം അറിഞ്ഞത്.

പരാതി ലഭിച്ച് 10 മണിക്കൂറിനകം മോഷ്ടാവ് പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ വച്ചാണ് മുഹമ്മദ് ഇർഫാൻ പിടിയിലായത്. ആഭരണങ്ങൾ പ്രതിയുടെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു.

Advertisement
Advertisement