വിഴിഞ്ഞം സമരം; കേന്ദ്രം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ലത്തീൻ അതിരൂപത

Monday 22 April 2024 2:56 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. മിഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സഹായം സ്വീകരിക്കാൻ പറ്റാത്ത തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് ആരോപണം. വൈദിക പരിശീലനത്തിന് സഹായം തേടിയുള്ള ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്‌ആ‌ർസിഎ അക്കൗണ്ടടക്കം മരവിപ്പിച്ചെന്നാണ് ഇടയ ലേഖനത്തിൽ പറയുന്നത്. വിശ്വാസികളെ സഭയുടെ സാമ്പത്തികാവസ്ഥ അറിയിക്കാനാണ് സർക്കുലർ ഇറക്കിയതെന്നാണ് വിശദീകരണം.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 157 കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം 15ന് തീരുമാനിച്ചിരുന്നു. 2022ൽ നടന്ന സമരത്തില്‍ ആകെ 199 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവവലിച്ചത്. ഗൗരവസ്വഭാവമുള്ള 42 കേസുകളിൽ നടപടി തുടരും.

കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ സിറ്റി പൊലീസ് കമ്മീഷണർക്കും അപേക്ഷ നല്‍കിയിരുന്നു.

പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കും. നിലവില്‍ സര്‍ക്കാരും ലത്തീൻ സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകള്‍ പിൻവലിക്കാൻ തീരുമാനമായത്. എന്നാല്‍ ബിഷപ്പുമാര്‍ക്കെതിരെ ഉൾപ്പെടെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിലായിരുന്നു സമരസമിതി.

Advertisement
Advertisement