തിരഞ്ഞെടുപ്പ് ചട്ടലംഘനം; കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തി, ആനി രാജയ്ക്കെതിരെ പരാതി നൽകി എൻഡിഎ

Monday 22 April 2024 5:45 PM IST

കൽപ്പറ്റ: വയനാട്ടിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻ ഡി എ. വയനാട് പാർലമെന്റ് കൺവീനർ പ്രശാന്ത് മലവയലാണ് പരാതി നൽകിയത്. കുട്ടികളെ ഉപയോ​ഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നാണ് പരാതി.

ഈ മാസം 20ാം തീയതി വൈകുന്നേരം കൽപ്പറ്റയിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ആനിരാജയ്ക്ക് വേണ്ടി നടന്ന റാലിയിലാണ് പത്തുവയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചത്. സംഭവം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ന​ഗ്നമായ ലംഘനമാണെന്ന് കാണിച്ച് ദൃശ്യങ്ങൾ അടക്കമാണ് എൻ ഡി എ പാരാതി നൽകിയിരിക്കുന്നത്.

മുൻപ് തിരുവനന്തപുരം എൻ ഡി എ സ്ഥാനാ‌ർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ് എടുത്തിരുന്നു. മതസംഘടനകൾക്ക് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്ന യു ഡി എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ ആരോപണത്തിലാണ് പൊലീസ് നടപടി. രാജീവ് ചന്ദ്രശേഖർ ഡി ജി പിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തീരദേശമേഖലകളിൽ വോട്ടിന് പണം നൽകുന്നുവെന്ന് രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ മുൻപും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തരൂരിന്റെ ആരോപണത്തിൽ കഴിഞ്ഞ ദിവസം കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. വികസനം സംസാരിക്കുമ്പോൾ വ്യക്തിപരമായി ആക്രമിച്ച് ശ്രദ്ധതിരിക്കാനുള്ള ഹീനശ്രമമാണ് നടക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.