'ബീഹാർ റോബിൻഹുഡ്' ലക്ഷ്യമിട്ടത് 4 വീടുകൾ

Tuesday 23 April 2024 4:16 AM IST

സി.സി.ടിവി ക്യമാറയിൽ പതിഞ്ഞ മുഹമ്മദ് ഇർഫാന്റെ ദൃശ്യം

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് 1.20 കോടിയുടെ സ്വർണ-വജ്രാഭരണങ്ങൾ കവർന്ന മോഷ്ടാവ് മുഹമ്മദ് ഇർഫാൻ (35) പനമ്പിള്ളിനഗറിലെ മൂന്നു വീടുകളിൽകൂടി കവർച്ചയ്‌ക്ക് ശ്രമിച്ചിരുന്നു. 'ബീഹാർ റോബിൻഹുഡ് " എന്ന് കുപ്രസിദ്ധിനേടിയ പ്രതി വാതിലും ജനലും തകർക്കാൻ കഴിയാത്തതിനാലാണ് മൂന്നു വീടുകളും ഉപേക്ഷിച്ച് ജോഷിയുടെ വീട്ടിൽ എത്തിയതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.

ബീഹാറിൽ നിന്ന് കാറോടിച്ച് വെള്ളിയാഴ്ച രാത്രി ഏഴോടെ കൊച്ചിയിൽ എത്തിയ ഇയാൾ റോഡരികിൽ കാർ പാ‌‌ർക്ക് ചെയ്തു. അതിസമ്പന്ന‌ർ താമസിക്കുന്ന പനമ്പിള്ളിനഗറിലെ 'ബി സ്ട്രീറ്റിൽ" ചുറ്റിയടിച്ച് വീടുകൾ നോക്കിവച്ചു. തിരികെവന്ന് കാറിൽ കിടന്നുറങ്ങിയശേഷം രാത്രി ഒരു മണിയോടെ കവർച്ചയ്‌ക്കിറങ്ങി. തൊപ്പി ധരിക്കുകയും മുഖം ഷാൾകൊണ്ടു മറയ്ക്കുകയും ചെയ്തു. കൈയിൽ സോക്സ് ധരിച്ചു.

ആദ്യത്തെ മൂന്ന് വീടുകളിൽ ഓപ്പറേഷൻ വിജയിച്ചില്ല. നാലാമത്തെ വീട്ടിൽ കവ‌ർച്ചനടത്തണമെന്ന് ഉറപ്പിച്ചു. 1.45ന് ജോഷിയുടെ വീട്ടിലെത്തി. വീടിന്റെ അടുക്കള ജനലിന് ഇരുമ്പ് ഗ്രിൽ ഉണ്ടായിരുന്നില്ല. ചില്ല് സ്ക്രൂഡ്രൈവർകൊണ്ട് ഇളക്കിമാറ്റി അകത്തുകടന്നു. മുകൾനിലയിലെ മുറികളിൽ വിലപിടിപ്പുള്ള ആഭരണങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ല. ലോക്കർ പൂട്ടാതിരുന്നതും കവ‌ർച്ച എളുപ്പമാക്കി. രണ്ടു മണിക്കൂറിനകം കവർച്ചാമുതലുമായി ഇർഫാൻ കൊച്ചിവിട്ടു.

രാവിലെ ആറോടെ പൊലീസ് കൺട്രോൾ റൂം നമ്പറായ 100ൽ വിളിച്ചാണ് ജോഷി ആദ്യം പരാതിപ്പെട്ടത്.

പൊലീസ് ഉടൻ ജോഷിയുടെ വീട്ടിലെത്തി. മുഖംമറച്ചുള്ള മോഷ്ടാവിന്റെ ദൃശ്യവും നമ്പർ വ്യക്തമാകാത്ത കാറും അന്വേഷണത്തെ തുടക്കത്തിൽ വലച്ചു. എറണാകുളം നോർത്ത് ഭാഗത്തെ സി.സി.ടി.വി ക്യാമറയിൽ നിന്ന് കാറിന്റെ നമ്പർ കിട്ടിയതോടെ അന്വേഷണം ദ്രുതഗതിയിലായി. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാർ ശനിയാഴ്ച ഉച്ചയോടെ തലപ്പാടി അതിർത്തി കടന്നെന്ന് വ്യക്തമായതോടെ കൊച്ചി സിറ്റി കമ്മിഷണ‌‌ർ എസ്. ശ്യാംസുന്ദർ കർണാടക സിറ്റി അഡിഷണൽ കമ്മിഷണ‌ർ രമൺഗുപ്തയുടെ സഹായം തേടി. അദ്ദേഹം ഉഡുപ്പി, മംഗളൂരു, കാ‌ർവാ‌ർ എസ്.പിമാരെ അറിയിച്ചതോടെ പഴുതടച്ച അന്വേഷണമായി. അപ്പോഴേക്കും ഇർഫാനെ വാഹനപരിശോധനയ്ക്കിടെ കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ എ.സി.പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മൂന്നു ദിവസം

കസ്റ്റഡിയിൽ

ഞായറാഴ്ച ഉച്ചയോടെ ഉഡുപ്പിയിൽ കോട്ട പൊലീസിന്റെ പിടിയിലായ ഇർഫാനെ ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിച്ചു. 11.30 ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisement
Advertisement