ഐ. ഐ. ടികളിൽ പ്ളേസ്‌മെന്റ് ദാരിദ്ര്യം

Tuesday 23 April 2024 12:46 AM IST

കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യം ശക്തമായതോടെ രാജ്യത്തെ മുൻനിര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളിൽ(ഐ. ഐ. ടി) കാമ്പസ് റിക്രൂട്ട്മെന്റ് മന്ദഗതിയിലാകുന്നു. ഇത്തവണത്തെ പ്ളേസ്‌മെന്റ് സീസൺ തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ റിക്രൂട്ട്മെന്റിലും ശമ്പളത്തിലും മുൻപൊരിക്കലുമില്ലാത്ത ഇടിവാണ് ദൃശ്യമാകുന്നത്. മിടുക്കരായ ടെക്‌നോളജിസ്റ്റുകൾക്ക് പോലും ഇത്തവണ പത്ത് ലക്ഷം രൂപയിൽ താഴെയുള്ള പാക്കേജ് സ്വീകരിക്കേണ്ട സാഹചര്യമാണെന്ന് ഐ. ഐ. ടികളിലെ പ്ളേസ്‌മെന്റ് വിഭാഗങ്ങളിലുള്ളവർ പറയുന്നു. മുൻവർഷത്തേക്കാൾ ശമ്പളത്തിൽ പത്ത് മുതൽ ആറ് ലക്ഷം രൂപയുടെ കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ എട്ടു മുതൽ പത്ത് വരെ വിദ്യാർത്ഥികൾക്ക് ജോലി ഓഫർ നൽകിയ സ്ഥാപനങ്ങൾ പലതും ഇത്തവണ രണ്ടും മൂന്നും പേരെയാണ് എടുത്തത്. ഇത്തവണ റിക്രൂട്ട്മെന്റ് പൂർണമായും മരവിപ്പിച്ച കമ്പനികളും ഏറെയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

പുതുവഴികൾ തേടി ഐ. ഐ. ടികൾ

വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി പൊതു മേഖല കമ്പനികൾ, സർക്കാരിതര സ്ഥാപനങ്ങൾ, എച്ച്. ആർ പോർട്ടലുകൾ എന്നിവയുമായി സഹകരിക്കാനും ഐ. ഐ. ടികളിലെ പ്ളേസ്‌മെന്റ് വിഭാഗങ്ങൾ ശ്രമം ശക്തമാക്കി. ഡെൽഹി ഐ.ഐ.ടിയിലെ ഓഫീസ് ഒഫ് കരിയർ സർവീസസിൽ രജിസ്റ്റർ ചെയ്ത 1,814 വിദ്യാർത്ഥികളിൽ 40 ശതമാനം പേർക്ക് മാത്രമാണ് ഏപ്രിൽ രണ്ടാം വാരം കഴിയുമ്പോഴും നിയമനം ലഭിച്ചിട്ടുള്ളത്.

ആഗോള മാന്ദ്യം ശക്തമായതിനാൽ വിദ്യാർത്ഥികൾക്ക് ഇത്തവണ പ്രതീക്ഷിച്ച നിയമനങ്ങൾ ലഭിച്ചിട്ടില്ല. വാഗ്ദാനം ചെയ്യുന്ന ശമ്പളം കുത്തനെ കുറഞ്ഞതിനാൽ ഇത്തവണ വലിയ വെല്ലുവിളിയാണ് വിദ്യാർത്ഥികൾ നേരിടുന്നത്

പ്ളേസ്‌മെന്റ് ഓഫീസർ

ഐ. ഐ. ടി ഇൻഡോർ

Advertisement
Advertisement