വികസനം, വെല്ലുവിളി, വോട്ട്: കോഴിക്കോട്ട് കടുത്ത പോരാട്ടം

Tuesday 23 April 2024 12:47 AM IST
കൊട് കൈ.... കോഴിക്കോട് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച ഇലക്ഷൻ എക്സ്‌ചേഞ്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരംകരീം, യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ തുടങ്ങിയവർ നർമ്മസംഭാഷണത്തിൽ. ഫോട്ടോ: എ.ആർ.സി. അരുൺ

കോഴിക്കോട് : പോരാട്ടം അന്തിമ ദിവസങ്ങളിലേക്കടുക്കുമ്പോൾ അവകാശവാദവും വെല്ലുവിളികളുമായി സ്ഥാനാർത്ഥികൾ. സി.എ.എ ഉൾപ്പെടെയുള്ള വിഷയങ്ങളിലും വികസനകാര്യത്തിലും മൂന്ന് മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് പാർലമെന്റിലെ മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളുമായി കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ഇലക്ഷൻ എക്സ്‌ചേഞ്ച് പരിപാടിയിൽ സ്ഥാനാർത്ഥികൾ മനസുതുറന്നു.

 ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ല: എം.കെ. രാഘവൻ

ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ . ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്നത് കോൺഗ്രസാണ്. ലോക്സഭാംഗങ്ങളുടെ തലയെണ്ണിയാണ് വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി വിളിക്കുക. അതുകൊണ്ട് കോൺഗ്രസ് കൂടുതൽ സീറ്റിൽ വിജയിക്കേണ്ടതുണ്ട്. 42 സീറ്റിൽ മാത്രം മത്സരിക്കുന്ന സി.പി.എമ്മിന് എന്ത് ചെയ്യാനാണ് സാധിക്കുക. ജനാധിപത്യ മതേതര ഭരണ കാഴ്ചപ്പാടോടു കൂടിയുള്ള ഭരണം പുനസ്ഥാപിക്കാനായുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ ആദ്യം റദ്ദാക്കുക പൗരത്വ ഭേദഗതി ബില്ലാകും. 2004ൽ ഇന്ത്യാ ഷൈനിംഗ് മുദ്രാവാക്യം ജനം തള്ളിയതുപോലെ 2024ലും സംഭവിക്കും. മെഡിക്കൽ കോളേജ് ആശുപത്രി വികസനം, ഇംഹാൻസ്, കാൻസർ ടെറിഷ്യറി കെയർ സെന്റർ, റെയിൽവേ വികസനം എന്നിങ്ങനെ മണ്ഡലത്തിൽ സാദ്ധ്യമായതെല്ലാം നടപ്പാക്കിയിട്ടുണ്ട്. എയിംസ്, ബേപ്പൂർ പോർട്ട് വികസനം, ഐ.ടി. കമ്പിനികൾ, കൂടുതൽ ട്രെയിൻ സർവീസുകൾ, ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്കാണ് ഇനി പ്രധാന്യം നൽകുക.

1067 ചോദ്യങ്ങൾ, 164 സംവാദങ്ങൾ, 34 സ്വകാര്യ ബില്ലുകൾ തുടങ്ങി പാർലമെന്റിൽ ഇടപെടലുകൾ നടത്തി. തന്നെ വിമർശിക്കുന്ന ഇടതു സ്ഥാനാർഥി സംസ്ഥാനത്ത് വ്യവസായ മന്ത്രിയായിരിക്കെ എന്ത് വികസനമാണ് കൊണ്ടു വന്നതെന്ന് വ്യക്തമാക്കണം. ഏത് വിഷയത്തെയും രാഷ്ട്രീയ കണ്ണു കൊണ്ടു മാത്രം കാണരുതെന്നും വികസന ചർച്ചയ്ക്ക് ഇടതുസ്ഥാനാർത്ഥി വിളിച്ചാൽ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇംഹാൻസ് നഷ്ടപ്പെട്ടെന്ന് പറഞ്ഞ് തനിക്കെതിരെ സമരം നടത്തിയവരാണ് എൽ.ഡി.എഫ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ തനിക്കൊപ്പം വന്ന് എല്ലാം ബോദ്ധ്യപ്പെടാം. അല്ലാത്ത പക്ഷം പറയുന്നതെന്തും ചെയ്യാൻ തയ്യാറാണ്.

 കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യം: എളമരം കരീം

സി.എ.എ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യമാണുള്ളതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം.ഇന്ത്യയിൽ മതനിരപേക്ഷ സർക്കാറിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യം. കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഇത് ദേശീയ തലത്തിലെ ലക്ഷ്യങ്ങളെ ബാധിക്കില്ല. ഭരണഘടന സംരക്ഷിക്കപ്പെടണം. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ നടന്ന റാലിയിൽ മുഖ്യപ്രഭാഷണം നടത്തിയ രാഹുൽ ഗാന്ധി കേരളത്തിലെത്തി ചോദിക്കുന്നത് എന്താണ് പിണറായിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്നാണ്. ഈ വൈരുദ്ധ്യം പ്രതിപക്ഷത്തിന് നേതൃത്വം നൽകേണ്ട പാർട്ടി നേതൃത്വത്തിന്റെ പക്വതയില്ലായ്മയാണ്. ഇടതുപക്ഷത്തിന്റെ സംഘബലം വർദ്ധിപ്പിച്ചാൽ മാത്രമേ സർക്കാറിന് ദിശാബോധം നൽകാനാവൂ. 2004ൽ ഇടതുപക്ഷ പിന്തുണയോടെയാണ് യു.പി.എ സർക്കാർ വന്നത്. കേരളത്തോടുള്ള അവഗണനയിൽ ഇവിടെ നിന്ന് ജയിച്ചുപോയ എം.പിമാർ പ്രതിഷേധിച്ചില്ല.

പൗരത്വഭേദഗതി നിയമത്തിനോടുള്ള നിലപാട് കോൺഗ്രസ് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന് ബദൽ വേണം. 15 കൊല്ലത്തെ കോഴിക്കോട് മണ്ഡലത്തിലെ വികസനം ശൂന്യവും വരണ്ടതും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ കല്ലിൽ പേര് വരുന്നത് തന്റെ വകയാണെന്ന് ആർക്കും പറയാൻ പറ്റില്ല. കേരള ആരോഗ്യ വകുപ്പ് മുൻകൈ എടുത്ത പദ്ധതികൾക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ചാൽ എന്താണ് ന്യായം. ഒരുപദ്ധതിയും വന്നില്ല.

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വികസനം സാദ്ധ്യമാക്കും. കോംട്രസ്റ്റ് ഏറ്റെടുക്കാൻ സാധിക്കാത്തത് കോടതിയിൽ കേസ് നടക്കുന്നതുകൊണ്ടാണ്. സ്വാഭാവികമായ വളർച്ച മാത്രമാണ് രാജ്യത്തുണ്ടായത്. നോട്ട് നിരോധനമെന്ന മണ്ടൻ തീരുമാനം രാജ്യത്തെ പിന്നോട്ടടിപ്പിച്ചു. സമ്പത്ത് ഒരുശതമാനം പേരിൽ കേന്ദ്രീകരിക്കുന്നു. പുരോഗതി 2014ന് ശേഷമാണ് വന്നതെന്ന് അസത്യമാണ്. ഇലക്ട്രൽ ബോണ്ട് അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.

 കോഴിക്കോടിന് വേണ്ടത് വികസനം : എം.ടി. രമേശ്

കേന്ദ്രസർക്കാർ കോഴിക്കോടിനായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അവ മോദി സർക്കാരിന്റെ പട്ടികയിലാണ് വരേണ്ടതെന്നും എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് പറഞ്ഞു. അതിനിയും മുന്നോട്ട് പോവണം അതിനായാണ് മത്സരിക്കുന്നത്. കോഴിക്കോട് എയിംസ് വരുമെന്നത് മോദി സർക്കാരിന്റെ തീരുമാനമാണ്. അത് ഉറപ്പായും വരും.

പത്ത് വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ഭൂരിപക്ഷമുയർത്തി തിരിച്ചുവരും. ലോകത്തെ ഒരുരാജ്യത്തും നടക്കാത്ത തരത്തിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതി, ആയുഷ്മാൻ ഭാരത് പദ്ധതിയെല്ലാം ജനങ്ങൾ സ്വീകരിച്ചു. അഴിമതിയോട് സന്ധിയില്ലെന്ന നയം സ്വീകരിച്ചു. ഒരു അഴിമതി ആരോപണം ഉയർത്താൻ പ്രതിപക്ഷത്തിനായില്ല. ഡൽഹി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് കോൺഗ്രസ്. ഇന്ത്യ മുന്നണിയ്ക്ക് പേരിട്ട തൃണമൂൽ കോൺഗ്രസ് പോലും ഇപ്പോഴതിലില്ല. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ അതേ മുന്നണിയിലെ സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ഇത് വിചിത്രമായ വിരോധാഭാസമാണ്.

ഇലക്ട്രറൽ ബോണ്ട് അഴിമതിയല്ല. ഇലക്ട്രറൽ ബോണ്ട് വഴി കൊടുക്കുന്ന പണത്തിന് കൃതമായ കണക്കുണ്ട്. നേരത്തെ പാർട്ടി ഫണ്ട് വാങ്ങിക്കുന്നത് കറൻസിയായിട്ടാണ്. ഇതിന് കണക്കില്ലായിരുന്നു. കോൺഗ്രസ് ഇലക്ട്രൽ ബോണ്ട് വാങ്ങിയിരുന്നു. ബി.ജെ.പിയുടെ അത്രയും കിട്ടിയില്ലെന്നാണ് അവരുടെ പരാതി. ഇലക്ട്രൽ ബോണ്ട് നടപ്പാക്കാൻ ശ്രമിക്കും. നിലവിൽ അ‌ഞ്ചാമത്തെ സാമ്പത്തിക ശക്തിമായി രാജ്യം മാറി. മൂന്നാമത് എത്തിക്കുകയാണ് ലക്ഷ്യം. ആറ് പതിറ്രാണ്ടുകൊണ്ട് സാധിക്കാത്ത വികസനം രാജ്യത്തുണ്ടായി. കോംട്രസ്റ്ര് വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement