ഡബിൾ ഡെക്കർ ട്രെയിനിന് പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ സ്റ്റേ‍ാപ്പില്ല

Tuesday 23 April 2024 1:29 AM IST

പാലക്കാട്: പാലക്കാട്ടേക്ക് നീട്ടുന്ന ഉദയ് ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പില്ല. ഇത് ഈ റൂട്ടിലെ യാത്രക്കാർക്ക് തിരിച്ചടിയാണ്. പേ‍ാത്തനൂർ ജംഗ്ഷനിലും സ്റ്റേ‍‌ാപ്പില്ല. ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിന്റെ താൽക്കാലിക സമയക്രമത്തിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 4.20നു പെ‍ാള്ളാച്ചിയിലും 5.55നു കേ‍ായമ്പത്തൂരിലും എത്തും. 6ന് കേ‍ായമ്പത്തൂരിൽ നിന്നു പുറപ്പെട്ട് 12.40നാണു ബാംഗ്ലൂരെത്തുക. ഉച്ചയ്ക്കു 2.15നാണു മടക്കയാത്ര. രാത്രി 8.15നു കേ‍ായമ്പത്തൂരും 10.20നു പൊള്ളാച്ചിയിലുമെത്തും. 10.40ന് പെ‍ാള്ളാച്ചിയിൽ നിന്ന് തിരിച്ച് രാത്രി 11.50നു പാലക്കാട്ട് യാത്ര അവസാനിക്കും. പാലക്കാട്ടേക്കു നീട്ടുമ്പേ‍ാഴും നിലവിൽ ബാംഗ്ലൂരെത്തുന്ന സമയത്തിൽ മാറ്റമില്ല. 535.16 കിലേ‍മീറ്ററാണു പാലക്കാട് -ബെംഗളൂരു ദൂരം. ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്ന തീയതി തീരുമാനിച്ചിട്ടില്ല.

ദിശ മാറുന്നതിന്റെ ഭാഗമായി പൊള്ളാച്ചിയിൽ വച്ച് എൻജിൻ മാറ്റും. നിലവിൽ കേ‍ായമ്പത്തൂരിൽ നടത്തുന്ന മെയിന്റനൻസ് പാലക്കാട് ജംഗ്ഷനിൽ നടത്തും. അതിനു സൗകര്യമെ‍ാരുക്കാൻ ഉടൻ നടപടികൾ ആരംഭിക്കും. കേ‍ായമ്പത്തൂർ -പൊള്ളാച്ചി വഴി ട്രെയിൻ പാലക്കാട് എത്താൻ 104 കിലേ‌ാമീറ്ററാണു ദൂരം, കേ‍ായമ്പത്തൂർ - വാളയാർ വഴിയാണെങ്കിൽ 54 കിലേ‍ാമീറ്ററും. പരീക്ഷണ ഒ‍ാട്ടത്തിൽ പൊള്ളാച്ചി - പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ ചിലയിടത്ത് തടസങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. അവ താമസിയാതെ പരിഹരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

Advertisement
Advertisement