വിജയം ഉറപ്പിക്കാൻ മുന്നണികൾ (സംവാദം)

Tuesday 23 April 2024 12:07 AM IST

പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. നാളെയാണ് കലാശക്കൊട്ട്. വിജയമുറപ്പിക്കാൻ അവസാന നിമിഷവും ശക്തമായ പ്രചാരത്തിന്റെ അലയൊലിയിലാണ് നാട്. പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടി തേരോട്ടത്തിൽ മുന്നണി നേതാക്കളായ രാജു ഏബ്രഹാം, പഴകുളം മധു, പ്രദീപ് അയിരൂർ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ സ്വാഗതവും സെക്രട്ടറി ബിജു അയ്യപ്പൻ നന്ദിയും പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും വലിയ അച്ചുതണ്ട് : പഴംകുളം മധു

ബി.ജെ.പിയും സി.പി.എമ്മും വലിയ അച്ചുതണ്ടായി പ്രവർത്തിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. കെ.സുരേന്ദ്രന്റെ കുഴൽ പണം കേസ് എവിടെയെന്ന് ആർക്കും അറിയില്ല. സ്വർണക്കടത്ത്, കെ.ഫോൺ, ലൈഫ് മിഷൻ, കെ.റെയിൽ തുടങ്ങിയ വലിയ അഴിമതികൾ നടത്തിയിട്ടും ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. ഈ അച്ചുതണ്ടാണ് ഇതിനുള്ള കാരണം. കൊവിഡ് കാലത്തെ കാലഹരണപ്പെട്ട മരുന്നുകൾ കഴിച്ചിട്ടാണോ സംസ്ഥാനത്ത് മരണനിരക്ക് വർദ്ധിച്ചതെന്നറിയാൻ ജുഡീഷ്യൽ അന്വേഷണത്തിന് പരാതി നൽകും. ജില്ലയിലെ ആരോഗ്യമന്ത്രിയെക്കൊണ്ട് ജില്ലയ്ക്ക് യാതൊരു പ്രയോജനവും ഇല്ല. 25 വർഷം ആലപ്പുഴയിൽ നൽകാത്ത തൊഴിൽ പത്തനംതിട്ടയിൽ നൽകുമെന്ന് പറയുന്നത് തോമസ് ഐസക്കിന് കളംപിടിയ്ക്കാനുള്ള മാർഗം മാത്രമാകുന്നു.

കോൺഗ്രസ് എം.പിമാർ കേരളത്തിന് വേണ്ടി സംസാരിക്കില്ല : രാജു ഏബ്രഹാം

അർഹമായ സാമ്പത്തിക വിഹിതം ലഭിക്കാതെ കേരളം ബുദ്ധിമുട്ടിയപ്പോൾ ആന്റോ ആന്റണിയടക്കമുള്ള കോൺഗ്രസ് എം.പിമാർ പാർലമെന്റിൽ മൗനം പാലിച്ചിരുന്നതായി എൽ.ഡി.എഫ് പാർലമെന്റ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. കേരളത്തിന് അർഹമായ 57,000 കോടി രൂപയോളമാണ് വിവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്രസർക്കാർ മുടക്കിയത്. കടമെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. കൊവിഡിനെ തുടർന്നുള്ള കേന്ദ്ര സഹായം തടഞ്ഞപ്പോഴും ആന്റോ ആന്റണി പ്രതികരിച്ചില്ല. മഹാപ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായത്. നഷ്ടം പരിഹരിക്കാൻ വിദേശ സഹായം തേടാനുള്ള അനുമതിയും കേന്ദ്രം തടഞ്ഞു. കേന്ദ്ര വിഹിതം മുടങ്ങിയതോടെ 62 ലക്ഷം പേരുടെ പെൻഷനാണ് മുടങ്ങിയത്. ജില്ലയ്ക്ക് ഭീഷണിയായ വന്യമൃഗശല്യം പരിഹിക്കുന്നതിന് കേന്ദ്രത്തിൽ ഒരു ഇടപെടീലും ആന്റോ ആന്റണി നടത്തിയിട്ടില്ല. കഴിഞ്ഞ 15 വർഷമായി വെയിറ്റിംഗ് ഷെഡും പൊക്കവിളക്കും മാത്രമാണ് എം.പി ജില്ലയിൽ കൊണ്ടുവന്ന വികസനങ്ങൾ. ആധുനിക പത്തനംതിട്ടയുടെ ശിൽപ്പിയെന്ന് ഡോ.തോമസ് ഐസക്കിനെ വിശേഷിപ്പിക്കാം. ഡോ.തോമസ് ഐസക് രൂപം നല്‍കിയ വിജ്ഞാന പത്തനംതിട്ടയിലൂടെ നിരവധി പേർക്കാണ് തൊഴിൽ ലഭിക്കാൻ പോകുന്നത്.

എൻ.ഡി.എ വീണ്ടും അധികാരത്തിൽ എത്തും : പ്രദീപ് അയിരൂ‌ർ

എൻ.ഡി.എ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും പറയുന്ന വികസനമെല്ലാം നരേന്ദ്രമോദി നടപ്പാക്കിയ വികസനമാണ്. സാമൂഹ്യ പെൻഷനുള്ള തുക സംസ്ഥാന സർക്കാ‌ർ വകമാറ്റി ചെലവഴിച്ചതാണ്. ജില്ലയിൽ തന്നെ എത്ര പാലത്തിന്റെ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഏഴ് എം.എൽ.എമാർ ഉള്ള മണ്ഡലമാണ് പത്തനംതിട്ട . ജില്ലയ്ക്ക് തുടർഭരണം കൊണ്ട് എന്ത് പ്രയോജനമാണ് കിട്ടിയത്. തങ്ങളുടെ പേരിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിയാനാണ് എം.എൽ.എമാർ ശ്രമിക്കുന്നത്.

Advertisement
Advertisement