തൃശൂരിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടുകൊമ്പൻ ചരിഞ്ഞു

Tuesday 23 April 2024 8:43 AM IST

തൃശൂർ: തൃശൂരിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടുകൊമ്പൻ ചരിഞ്ഞു. പുത്തൂരിനടുത്ത് വെള്ളക്കാരിത്തടത്ത് ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരവെയാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്‌ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

ആൾമറ ഇല്ലാത്ത കിണറ്റിൽ ആണ് ആന വീണത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ എഴുന്നേറ്റ് നോക്കുകയായിരുന്നു. ആഴം കൂടുതലും വ്യാസം നന്നേ കുറവുമായ കിണറ്റിലാണ് ആന വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കിണറിന്റെ വലുപ്പക്കുറവ് ദൗത്യം ദുഷ്‌‌കരമാക്കി. മണ്ണുമാന്തി യന്ത്രങ്ങൾ സമയത്ത് കിട്ടാതിരുന്നതും തിരിച്ചടിയായി.

ആനയെ പുറത്തെത്തിക്കുന്നതിന് വേണ്ടി ജെ.സി.ബി. ഉപയോഗിച്ച് പാത വെട്ടാനുള്ള ശ്രമവും നടത്തിയിരുന്നു. ഏഴുമണിവരെ ആനയ്‌ക്ക് ജീവനുണ്ടായിരുന്നു.