'പക്കിപ്പാലം' എന്ന പേര് മാറ്റണം; പുതിയ പേര് നിർദേശിച്ച് ഒരു വിഭാഗം, സഞ്ചാരികൾക്ക് സൗകര്യമെന്ന് വിശദീകരണം

Tuesday 23 April 2024 4:54 PM IST

ആലപ്പുഴ: നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ - ചങ്ങനാശേരി റോഡിലെ പൊളിച്ചു പണിത പള്ളാത്തുരുത്തി ഒന്നാം പാലത്തിന്റെ പേര്, ദർശനപുരം പാലമെന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം രംഗത്ത്. പള്ളാത്തുരുത്തി പടിഞ്ഞാറേ പാലമെന്നാണ് യഥാർത്ഥ പേരെങ്കിലും, മുമ്പ് ഈ പാലത്തിനോട് ചേർന്ന് ബസ് സ്റ്റോപ്പ് ഉണ്ടായിരുന്നപ്പോൾ യാത്രക്കാർ ഒന്നാം പാലം എന്നാണ് വിളിച്ചിരുന്നത്. ആലപ്പുഴ ഭാഗത്തുനിന്നുള്ള ആദ്യ പാലമെന്ന അർത്ഥത്തിലായിരുന്നു ഇത്.

കൈതവനപ്പാലം എന്നും നാട്ടുകാർ വിളിച്ചിരുന്നു. എന്നാൽ, റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും റോഡുനിർമ്മാണ കമ്പനിയും ഔദ്യോഗിക രേഖകളിലും പത്രക്കുറിപ്പുകളിലും പക്കിപ്പാലം എന്നാണ് പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ പാലം നിലനിൽക്കുന്ന പ്രദേശത്തെ ദർശനപുരമെന്നാണ് അറിയപ്പെടുന്നതെന്നും അതിനാൽ അങ്ങനെ പേര് മാറ്റണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ദർശനപുരം എന്നാവണമെന്നാണ് ആവശ്യം

........

1. എ.സി റോഡ് പടിഞ്ഞാറ് നിന്നും കളർകോട് നിന്നും ഏകദേശം രണ്ടു കിലോമീറ്ററാണ് പള്ളാത്തുരുത്തി പാലത്തിലേക്കുള്ളത്. ഇതിനിടയിലാണ് ഒന്നാം പാലം സ്ഥിതിചെയ്യുന്നത്. കളർകോട്, കൈതവന, ദർശനപുരം, പള്ളാത്തുരുത്തി എന്നിവയാണ് ഇതിനിടയിലെ പ്രധാന സ്ഥലങ്ങൾ.

2. പൊളിച്ചുപണിത ഒന്നാം പാലം സ്ഥിതി ചെയ്യുന്നതിനോടു ചേർന്നുള്ള പ്രദേശം വികസിച്ചതിനെത്തുടർന്ന് മൂന്നു പതിറ്റാണ്ടിലേറെയായി ദർശനപുരം എന്നാണ് അറിയപ്പെടുന്നത്. പ്രദേശത്തിന്റെ പേര് പാലത്തിനു നൽകുന്നതായിരിക്കും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമെന്നാണ് ആവശ്യം.

..........

മൂന്ന് വർഷം മുമ്പ് പേര് മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്കുൾപ്പടെ നിവേദനം നൽകിയിരുന്നു. കെ.എസ്.ടി.പി അസി.എക്‌സിക്യുട്ടീവ് എൻജിനിയർ ഈ വിഷയം പഠിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. റോഡിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദേശത്തിന്റെ പേര് പാലത്തിന് നൽകണം.-തോമസ് മത്തായി കരിക്കംപള്ളിൽ, പ്രസിഡന്റ്, സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം