ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകൾ എല്ലാവർക്കും വേണ്ടി: മുല്ലക്കര

Wednesday 24 April 2024 4:51 AM IST

ശിവഗിരി: ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരം ലഭിക്കാതിരുന്ന എല്ലാവർക്കും അതിനുളള സ്വാതന്ത്ര്യമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠയിലൂടെയെന്ന് മുൻ മന്ത്റി മുല്ലക്കര രത്നാകരൻ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിൽ ഗുരുദേവന്റെ ക്ഷേത്ര സങ്കല്പവും സമൂഹവും എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

ഒരു വേള ഒരു ക്ഷേത്രത്തിൽ ഗുരുദേവൻ എത്തിയപ്പോൾ പുറത്ത് ക്ഷേത്ര ദർശനം ആഗ്രഹിച്ച് കാത്തുനിന്ന ജനതയെ കാണാനിടയായപ്പോൾ അവർക്കു കൂടി അവസരം നൽകണമെന്ന് നിർദ്ദേശിച്ചുവെങ്കിലും ക്ഷേത്രഭരണം നിർവ്വഹിച്ചവർ വിസ്സമ്മതം പ്രകടിപ്പിച്ചു. ആഗ്രഹിച്ചു നിന്നവർക്ക് അവസരം നൽകാത്ത ക്ഷേത്രത്തിൽ താനും കയറുന്നില്ലെന്ന ഗുരുവിന്റെ നിലപാടിനോട് പിന്നാലെ ക്ഷേത്രഭാരവാഹികൾക്ക് യോജിക്കേണ്ടി വന്നു.. മാറുന്ന കാലത്തിനനുസരിച്ചായിരുന്നു ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകൾ. അരുവിപ്പുറം പ്രതിഷ്ഠയിൽ നിന്നും ദീപം, ഓംങ്കാരം, കണ്ണാടി തുടങ്ങിയ തലങ്ങളിലേക്കായി പ്രതിഷ്ഠകൾ. മനുഷ്യരെ ഒന്നിപ്പിക്കാനും നന്നാക്കാനുമുളള സങ്കേതങ്ങളായാണ് ഗുരു ക്ഷേത്രങ്ങളെ കണ്ടത്. മനുഷ്യൻ പൂർണ്ണനാകണമെങ്കിൽ ക്ഷേത്രം അനിവാര്യമാണെന്നും ഗുരു ചിന്തിച്ചിരുന്നു. കേരളം ഇത്രയേറെ പുരോഗതി പ്രാപിച്ചതിന്റെ കാരണക്കാരനെ അന്വേഷിച്ചാൽ ചെന്നെത്താനാകുക ശ്രീനാരായണഗുരുവിലേക്കാണെന്ന് മുല്ലക്കര ചൂണ്ടിക്കാട്ടി. സ്വാമി സത്യാനന്ദതീർത്ഥ, ആർ.സലിംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: ശിവഗിരിയിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിൽ മുൻ മന്ത്റി മുല്ലക്കര രത്നാകരൻ പഠനക്ലാസ് നയിക്കുന്നു. സ്വാമി ശുഭാംഗാനന്ദ,​ ഡോ. സി.കെ.രവി,​ സ്വാമി അസംഗാനന്ദഗിരി എന്നിവർ സമീപം.

Advertisement
Advertisement