കളമശേരി സ്ഫോടനത്തിൽ ബാഹ്യ പ്രേരണയില്ല

Wednesday 24 April 2024 12:00 AM IST

കൊച്ചി: എട്ടു പേരുടെ ജീവനെടുത്ത കളമശേരി സ്ഫോടനക്കേസിന് പിന്നിൽ പ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്തു വീട്ടിൽ ഡൊമിനിക് മാർട്ടിന് ബാഹ്യ പ്രേരണ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുറ്റപത്രം. യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് മാർട്ടിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇന്നലെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 3578 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. യു.എ.പി.എ, സ്‌ഫോടകവസ്തു നിരോധനനിയമം, ഐ.പി.സി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

294 സാക്ഷിമൊഴികളും തെളിവുകളുമടക്കം 150 രേഖകളും കുറ്റപത്രത്തിലുണ്ട്. യു.എ.പി.എ ചുമത്തിയ കേസിൽ കുറ്രപത്രം സമർപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷൻ അനുമതി ലഭിച്ചത്. മാർട്ടിന് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറ്റപത്രം സമർപ്പിച്ചതോടെ ഇല്ലാതായി.

ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷൻ നടന്ന കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ആദ്യ സ്ഫോടനമുണ്ടായത്. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ കൂടിയുണ്ടായി. ഗുരുതരമായി പൊള്ളലേറ്റായിരുന്നു ഒരു കുടുംബത്തിലെ മൂന്നുസപേരുൾപ്പെടെ എട്ടു പേരുടെയും മരണം. പരിഭ്രാന്തരായി ഹാളിൽ നിന്ന് പുറത്തേക്കോടിയ 52 പേർക്ക് വീണും പരിക്കേറ്റു.

ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ സ്ഫോടനം വലിയ ആശങ്കകൾക്കിടയാക്കിയെങ്കിലും ഡൊമിനിക് മാ‌ർട്ടിന്റെ അറസ്റ്റോടെ ഊഹാപോഹങ്ങൾ ഒഴിഞ്ഞു. എൻ.ഐ.എയും സമാന്തര അന്വേഷണം നടത്തി. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ടു മാസം മുമ്പേ മാർട്ടിൻ തയ്യാറെടുപ്പുകൾ നടത്തി. ഇന്റർനെറ്റിലൂടെയാണ് ഐ.ഇ.ഡി ബോംബ് നിർമ്മാണം പഠിച്ചത്.

ലൈവിൽ വന്നു,

ഏറ്റെടുത്തു

സ്ഫോടനം നടത്തിയ ശേഷം സ്ഥലംവിട്ട ഡൊമിനിക് മാർട്ടിൻ പിന്നീട് ഫേസ്ബുക്ക് വീഡിയോയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടർന്ന് കൊടകര പൊലീസിൽ കീഴടങ്ങി. മാർട്ടിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നായിരുന്നു പ്രധാന അന്വേഷണം. ആരെയും കണ്ടെത്താനായില്ല.

കേസിൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. പ്രതിയുടെ മൊഴികളിൽ തെളിവുകളെല്ലാം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. വർഷങ്ങളായി പ്രവാസിയായിരുന്ന പ്രതിയുടെ വിദേശബന്ധങ്ങളും തേടി. കൊച്ചി ഡി.സി.പി എസ്. സുദർശനാണ് കേസന്വേഷിച്ചത്.

സ്ഫോടനത്തിൽ

മരിച്ചവർ
കുമാരി പുഷ്പൻ (53), ലയോണ (55),ലിബ്‌ന (12),ലിബ്‌നയുടെ മാതാവ് സാലി (45),
സഹോദരൻ പ്രവീൺ (24), മോളി ജോയ് (61),കെ.എ. ജോൺ (77),ജോണിന്റെ ഭാര്യ ലില്ലി (76).

Advertisement
Advertisement