കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്

Wednesday 24 April 2024 12:49 AM IST

കൊച്ചി: കാലാവസ്ഥത്തിലെ വ്യതിയാനം ഇന്ത്യയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുമെന്ന് റിസർവ് ബാങ്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണക്കാറ്റും അതി ഉഷ്ണവും ശക്തമായതോടെ ധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങുകൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തുന്നു. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ വരൾച്ച രൂക്ഷമാകുന്നതും ഭക്ഷ്യ വിലക്കയറ്റ ഭീഷണി ശക്തമാക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇതോടൊപ്പം പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി പൂർണമായും ഒഴിയാത്തതും റിസർവ് ബാങ്കിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു.

സെപ്തംബറിന് ശേഷം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തുമെന്നാണ് റിിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇസ്രയേലും ഇറാനുമായി സംഘർഷങ്ങൾ ശക്തമായതോടെ ക്രൂഡോയിൽ വില ബാരലിന് 90 ഡോളർ വരെ ഉയർന്നതോടെ ഇന്ധന വില സൂചിക പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് റിസർവ് ബാങ്കിന്റെ ആശങ്ക. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖല തിരിച്ചടി നേരിടുന്നതിനാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു.