'ബീഹാർ റോബിൻഹുഡിന്' ഭാര്യയെ കാണണം, നല്ല വക്കീലിനെ വേണം

Wednesday 24 April 2024 4:59 AM IST

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ 'ബീഹാർ റോബിൻഹുഡ് " മുഹമ്മദ് ഇർഫാന് (35) ജില്ലാപരിഷത്ത് പ്രസിഡന്റായ ഭാര്യയെ കാണാൻ ആഗ്രഹം. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടാണ് ആവശ്യം അവതരിപ്പിച്ചത്. നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി നൽകുമോയെന്നും ആരാഞ്ഞു.

ഇർഫാൻ അറസ്റ്റിലായെന്ന് പൊലീസ് ഇന്നലെ രാവിലെ ഭാര്യ ഗുൽഷൻ പർവീണിനെ അറിയിച്ചെങ്കിലും പ്രതികരണം തണുപ്പനായിരുന്നു. ബീഹാർ സീതാമർഹിയിലെ ജില്ലാ പരിഷത്ത് പ്രസിഡന്റാണ് ഗുൽഷൻ. ഭർത്താവിനെ പുറത്തിറക്കാൻ ഇവർ അഭിഭാഷകനെ ഏർപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. മറ്റ് കേസുകളിൽ അറസ്റ്റിലായപ്പോഴെല്ലാം അവർ ഇങ്ങനെ ചെയ്തിരുന്നു.

ഇയാൾ മോഷണത്തിനെത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ലാപരിഷത്ത് പ്രസിഡന്റെന്ന് ബോർഡ് വച്ച കാറാണ്. ഇന്നലെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കേരളത്തിൽ മറ്റെവിടെയെങ്കിലും കവർച്ച നടത്തിയിട്ടുണ്ടോ, കൂടുതൽ വീടുകൾ നോട്ടമിട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇല്ലെന്നായിരുന്നു മറുപടി. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ രാവിലെ കോടതിയിൽ ഹാജരാക്കും.

സിം ഇടില്ല

വൈഫൈ മാത്രം

ഇർഫാൻ സ്മാർട്ട് ഫോണിൽ സിം ഇടില്ല. വൈഫൈയാണ് ആശ്രയം. ഇതിനായി ഇന്റ‌ർനെറ്റ് ഡോങ്കിൾ കൈയിലുണ്ടാകും. മൊബൈലിലൂടെ പണമിടപാടും നടത്താറില്ല. ബിരിയാണി കഴിച്ചശേഷം പനമ്പിള്ളിനഗറിലെ ഹോട്ടലിൽ 500 രൂപയുടെ നോട്ടാണ് നൽകിയത്.

ആഭരണങ്ങൾ കോടതിയിൽ

കാറിൽ നിന്ന് വീണ്ടെടുത്ത 1.20 കോടി മൂല്യമുള്ള ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. ഇന്നോ നാളെയോ അപ്രൈസറുടെ പരിശോധന പൂ‌ർത്തിയാക്കി കോടതി​ ഇവ സ്വീകരിച്ച് തൊണ്ടി നമ്പർ നൽകും. ക്ലെയിം അപ്പീൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കകം ആഭരണങ്ങൾ ജോഷിക്ക് ലഭിക്കും. 25 ലക്ഷം രൂപയുടെ വജ്ര നെക്‌ലേസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകൾ, 10 മോതിരങ്ങൾ, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകൾ തുടങ്ങി 74 സാധനങ്ങളാണ് കവർന്നത്.

Advertisement
Advertisement