കീടനാശിനി സാന്നിദ്ധ്യം: ഇന്ത്യൻ കറി പൗഡർ ബ്രാൻഡുകൾക്ക് ഹോങ്കോംഗിൽ നിരോധനം

Wednesday 24 April 2024 1:03 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നെത്തുന്ന കറിപൗഡറുകളിൽ കാൻസറിന് കാരണമാകുന്ന മാരകമായ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പ്രമുഖ കമ്പനികളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ നാല് ഉത്പന്നങ്ങൾ സിംഗപ്പൂരും ഹോങ്കോംഗും നിരോധിച്ചു. ഇരുകമ്പനികളുടെയും ഉത്പന്നങ്ങൾ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും വടക്കേ അമേരിക്കയിലേക്കും കയറ്റി അയക്കുന്നതിനാൽ ആഗോള മേഖലയിൽ ഇന്ത്യയുടെ സാദ്ധ്യതകളെ ആരോപണങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര വിപണിയിലും ഈ കമ്പനികൾക്ക് വലിയ വിഹിതമുണ്ട്.

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന ആരോപണം ശക്തമായതോടെ സ്പൈസസ് ബാേർഡ് പുതിയ അന്വേഷണം ആരംഭിച്ചു. വിദേശങ്ങളിലേക്ക് അയക്കുന്ന കറിപൗഡറുകളുടെയും മറ്റ് സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെയും ഗുണമേന്മാ പരിശോധനാ നടപടികൾ വ്യക്തമാക്കാൻ ‌ രണ്ട് കമ്പനികളോടും സ്പൈസസ് ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഉത്പന്നങ്ങളിലെ കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ വിവരങ്ങളും ബോർഡ് തേടി.

നിരോധനം നാല് ഉത്പന്നങ്ങൾക്ക്

എം. ഡി. എച്ചിന്റെയും എവറസ്റ്റിന്റെയും നാല് ഉത്പന്നങ്ങൾക്കാണ് ഹോങ്കോംഗ് കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തിയത്. നേരത്തെ എവറസ്റ്റിന്റെ ഫിഷ് കറി മസാലയുടെ സിംഗപ്പൂർ വിലക്കിയിരുന്നു. കാൻസറിന് കാരണമാകുന്ന എത്തിലിൻ ഓക്സൈഡിന്റെ സാന്നിദ്ധ്യം എം. ഡി. എച്ചിന്റെ മദ്രാസ് കറി പൗഡർ, മിക്സഡ് മസാല പൗഡർ, സാമ്പാർ മസാല എന്നിവയിൽ കണ്ടെത്തിയെന്നാണ് ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് സേഫ്റ്റി ഏപ്രിൽ അഞ്ചിന് വ്യക്തമാക്കിയത്.

• എം. ഡി. എച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങൾ നിരോധിച്ച് സിംഗപ്പൂരും ഹോങ്കോംഗും

• അതിമാരകമായ എത്തിലിൻ ഓക്സൈഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

• കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം സ്പൈസസ് ബോർഡ് അന്വേഷിക്കുന്നു

സ്പൈസസ് ബോർഡ് നിഷ്കർഷിക്കുന്ന എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് വിവിധ ഉത്പന്നങ്ങൾ കയറ്റുമതി നടത്തുന്നത്. ഉത്പന്നങ്ങൾക്ക് ബോർഡിന്റെ ലാബിൽ നിന്ന് അനുമതികളും ലഭിച്ചിട്ടുണ്ട്.

രാജീവ് ഷാ

ഡയറക്ടർ

എവറസ്റ്റ്

Advertisement
Advertisement