1903 ബൂത്തുകൾ പ്രശ്നബാധിതം, കർശന സുരക്ഷാ സന്നാഹം

Wednesday 24 April 2024 12:45 AM IST
loksabha election

തിരുവനന്തപുരം: സംസ്ഥാനത്തെ 25,231 പോളിംഗ് ബൂത്തുകളിൽ 1903 എണ്ണം പ്രശ്ന ബാധിതം. 742 ബൂത്തുകൾ അതീവ പ്രശ്നബാധിത മേഖലയാണ്. ഇത്തരം ബൂത്തുകളിലേറെയും മാവോയിസ്റ്റ് ഭീഷണി അടക്കം നേരിടുന്ന വടക്കൻ ജില്ലകളിലാണ്. അതീവപ്രശ്‌ന സാദ്ധ്യതയെന്ന്‌ കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോബൂത്തുകളിലും നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ബി-വിഭാഗത്തിലെ പ്രശ്നസാദ്ധ്യത തീവ്രമല്ലാത്ത ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങളും അധികം പൊലീസുമുണ്ടാവും. ഇവിടങ്ങളിലടക്കം എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ കേരളത്തിലേക്ക് 62കമ്പനികളിലായി 7500 കേന്ദ്രസേനയെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സേനയെ വിന്യസിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ സി.ആർ.പി.എഫ് സുരക്ഷയിലാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും. 30,500 പൊലീസുദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിക്കും. 20കമ്പനി തമിഴ്നാട്, കർണാടക പൊലീസുമെത്തും. സായുധസേനാ വിഭാഗത്തിൽ നിന്ന് 5000 പേർ, വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10000 സ്‌പെഷ്യൽപൊലീസ് ഓഫീസർമാർ, രണ്ടായിരത്തിലധികം എക്സൈസ്, ഫോറസ്റ്റ്, ഹോംഗാർഡ് ഉദ്യോഗസ്ഥർ എന്നിവരേയും സുരക്ഷയ്ക്കായി നിയോഗിക്കും. എല്ലാബൂത്തുകളിലും പൊലീസ് സാന്നിദ്ധ്യമുണ്ടാവും. ജനവാസപ്രദേശങ്ങളിൽ നിന്നുമാറിയുള്ള ബൂത്തുകളിൽ സായുധസേനയെ നിയോഗിക്കും.

22,956 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്‌റ്റിംഗ് സംവിധാനം

മുൻപ് കള്ളവോട്ടും അക്രമവുമുണ്ടായ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗുണ്ടാവും. ബാക്കി ജില്ലകളിൽ 75ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗേർപ്പെടുത്തി. സുരക്ഷയ്ക്ക് ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവയൊരുക്കും. ക്രമസമാധാനപാലനം, തിരക്ക് നിയന്ത്രിക്കൽ, വോട്ടർമാരെ സഹായിക്കൽ എന്നിവയ്ക്കും കേന്ദ്രസേനയെ നിയോഗിക്കും. പ്രശ്നബാധിത മേഖലകളിലും ക്രമസമാധാന പ്രശ്നമുള്ളിടത്തും കേന്ദ്രസേന റൂട്ട്മാർച്ച് നടത്തും. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്രം അംഗീകരിച്ച സ്കീംപ്രകാരമായിരിക്കും കേന്ദ്രസേനാവിന്യാസം. എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം.