പെരുമാറ്റച്ചട്ടം ലംഘിക്കരുത്: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Wednesday 24 April 2024 12:30 AM IST

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ മദ്യവിതരണത്തിനും വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവ അനുവദിക്കില്ല. ചട്ടലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനം.
മണ്ഡലത്തിന് പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 26 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Advertisement
Advertisement