ഒരുമയുടെ 'ഇന്ത്യ' മുന്നണിയായി കൊല്ലത്തെ ചുമട്ടു തൊഴിലാളികൾ

Wednesday 24 April 2024 12:55 AM IST

കൊല്ലം: കൊല്ലം ചാമക്കട -ചിറ്റടീശ്വരം ഭാഗത്തെ ഇറക്ക് -അടുക്ക് തൊഴിലാളികളുടെ യൂണിയൻ ഓഫീസിലെത്തിയാൽ ഇന്ത്യ മുന്നണിയുടെ മിനിയേച്ചർ കാഴ്‌ച്ച കാണാം. സി.ഐ.ടി.യു -ഐ.എൻ.ടി.യു.സി യൂണിയനുകൾ പങ്കിടുന്ന ഈ കുടുസ് മുറിയിൽ രാഷ്‌ട്രീയം തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ചർച്ചാവിഷയം. തൊഴിലാളികളിൽ വിഭാഗീയ ചിന്ത കുത്തി വെക്കാൻ ശ്രമിച്ച അവസരത്തിൽ എല്ലാ ഭിന്നതകൾക്കുമപ്പുറം ചുമടെടുക്കുന്നവന്റെ ഒരുമ എന്നാശയത്തിലാണ് ഈ ഓഫീസ് തുറന്നതെന്ന് വിരമിച്ച ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു. ഓഫീസിന് സമീപത്തെ രണ്ട് ഭിത്തികളിൽ ആകർഷകമായ ചുമരെഴുത്തിൽ രാഷ്ട്രീയ ഭേദമെന്യേ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഇ.എം.എസ്, എ.കെ.ജി, നായനാർ തുടങ്ങിയവരടക്കമുള്ള നേതാക്കളുടെ ചിത്രമുണ്ട്. ഒപ്പം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൊല്ലത്തെ ഇടത് വലത് സ്ഥാനാർത്ഥികളുടെയും. നഗരത്തിൽ ഇരു യൂണിയനുകളും നയിക്കുന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശവും ആവേശ കാഴ്‌ച്ചയാണ്.

തർക്കങ്ങളും സംഘർഷങ്ങളുമില്ല

ഇരു വിഭാഗങ്ങളിലെയും 126 തൊഴിലാളികളാണ് ഇവിടെ ദിവസേന കേന്ദ്രീകരിക്കുന്നത്. ഫോൺ കോളുകൾ മുഖേനയും അല്ലാതെയും വരുന്ന ആവശ്യങ്ങൾക്ക് ഇവിടെ നിന്ന് തൊഴിലാളികളെ അയക്കുന്നത് മൂലം തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാകുന്നു. നഗരത്തിലെ ഏതാണ്ട് മൂന്ന് കിലോമീറ്റർ വിസ്‌തൃതിയിലാണ് ഇവരുടെ പ്രവർത്തന മേഖല. 50 വർഷത്തോളമായി ഈ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട്. തൊഴിലാളികളുടെ ക്ഷേമനിധി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച കടലാസ് ജോലികളും ബോണസ് വീതംവെപ്പും കണക്കെടുപ്പുമൊക്കെ ഇവിടെയാണ് നടക്കുന്നത്. ജോബ് കാർഡിന്റെ വിതരണവും ഇവിടെയാണ് സജ്ജീരിച്ചിട്ടുള്ളത്. ഓഫീസ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇരു യൂണിയനുകളുടെയും പൂൾ ലീഡർമാരാണ്.

Advertisement
Advertisement