ജാതി സെൻസസ് ജനങ്ങളെ വിഭജിക്കാനല്ല: മല്ലികാർജുൻ ഖാർഗേ

Wednesday 24 April 2024 12:30 AM IST

ചെങ്ങന്നൂർ : ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പിലാക്കുന്നത് ജനങ്ങളെ വിഭജിക്കാനല്ലെന്നും അവരുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാക്കാനാണെന്നും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേ പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഈ വർഷം പതിനാല് വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. എന്നാൽ ദുരന്തഭൂമിയായ മണിപ്പൂർ ഒരുതവണപോലും സന്ദർശിച്ചിട്ടില്ല . ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം നിലനിറുത്താനും മതേതരത്വം സംരക്ഷിക്കാനും ഇന്ത്യാമുന്നണി അധികാരത്തിലെത്തണം. സാമൂഹ്യനീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ. എ, മുൻമന്ത്രി കെ.സി ജോസഫ്, മുൻ എം.എൽ.എ എം.മുരളി , കോശി എം. കോശി , തുടങ്ങിയവർ സംസാരിച്ചു. എ ഐ .സി സി സെക്രട്ടറി ദീപദാസ് മുൻഷി , കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.എം ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement