വോട്ടെടുപ്പ്: സുരക്ഷയ്ക്ക് 6,600 ഉദ്യോഗസ്ഥർ

Wednesday 24 April 2024 12:58 AM IST

മലപ്പുറം: ജില്ലയിൽ സുരക്ഷിതമായ പോളിംഗ് ഉറപ്പു വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായി ജില്ലയിൽ 6,600ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ വിന്യസിക്കുന്നത്. സുരക്ഷ ഒരുക്കുന്നതിനായി പൊലീസിനോടൊപ്പം എല്ലാ ബൂത്തുകളിലും സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയും (എസ്.പി.ഒ) നിയമിച്ചിട്ടുണ്ട്. വിരമിച്ച സൈനികർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റ്സ്, എൻ.എസ്.എസ് (നാഷണൽ സർവ്വീസ് സ്‌കീം) വൊളന്റിയർമാർ, എസ്.പി.സി കേഡറ്റ്സ് എന്നിവരെയാണ് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്.

പത്ത് സബ് ഡിവിഷനുകൾ
ജില്ലയിൽ പ്രശ്നസാദ്ധ്യതാ മുന്നറിയിപ്പുള്ള 28 ബൂത്തുകളുടെ സുരക്ഷയ്ക്കായി സി.എ.പി.എഫ്., സായുധ സേന, തമിഴ്‌നാട് പൊലീസ് എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പോളിംഗ് ദിവസം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും സെൻട്രൽ ആംഡ് പൊലീസിന്റെ പ്രത്യേക പട്രോളിംഗ്, സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ലോ ആൻഡ്ഓർഡർ പട്രോളിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം പൊതുജനങ്ങൾക്ക് ലഭിക്കേണ്ടതായ അവശ്യ പൊലീസ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ജില്ലയിലെ പൊലീസ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കുറ്റമറ്റ സംവിധാനം ഉറപ്പാക്കുന്നതിനും ജില്ലയിൽ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 10 പൊലീസ് സബ് ഡിവിഷനുകൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡീഷണൽ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് ഇലക്‌ഷൻ സെൽ 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും എസ്.പി അറിയിച്ചു.

പഴുതടച്ച സുരക്ഷകൾ

  • പോളിംഗ് സാമഗ്രികൾ വിതരണം നടത്തുന്ന കേന്ദ്രങ്ങളിലും, പോളിംഗ് അവസാനിച്ച് വോട്ടിംഗ് മെഷീനുകൾ തിരികെ സ്വീകരിക്കുന്ന കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും.
  • വോട്ടെണ്ണൽ കേന്ദ്രങ്ങളിലക്ക് മാറ്റുന്ന വോട്ടിംഗ് മെഷീനുകൾക്ക് വേണ്ട കനത്ത സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
  • തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കായി കോഴിക്കോട്, തിരുവനന്തപുരം സിറ്റി, റൂറൽ കൊച്ചി സിറ്റി, ക്രൈം ബ്രാഞ്ച്, റെയിൽവേ, വിജിലൻസ്, ആംഡ് പൊലീസ് ബറ്റാലിയൻ, റിക്രൂട്ട് പൊലീസ് ട്രെയിനി ആയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും കൂടാതെ എക്‌സൈസ്, ഫോറസ്റ്റ്, എം.വി.ഡി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഹോം ഗാർഡുമാരുൾപ്പെടുന്ന 2,​070 ഓളം ഉദ്യോഗസ്ഥരാണ് എത്തിച്ചേരുന്നത്.
  • കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിന് ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ചർച്ച ചെയ്ത് ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
Advertisement
Advertisement