അൻവറിന് ലൈസൻസ് നൽകുന്നത് മുഖ്യമന്ത്രി: കെ.സി. വേണുഗോപാൽ
Wednesday 24 April 2024 12:30 AM IST
ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി.വി.അൻവർ എം.എൽ.എയുടെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുലിനെയല്ല, രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
കേരള നിയമസഭയിലെ ഒരു എം.എൽ.എയാണ് ഇത് പറയുന്നതെന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്ന കാര്യം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട പ്രസ്താവനയാണ്. മുഖ്യമന്ത്രിയാണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. അദ്ദേഹമാണ് അധിക്ഷേപിക്കാനുളള ലൈസൻസ് കൊടുക്കുന്നത്. രാഹുലിനെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല പിതാവായ രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അൻവറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.