സൂപ്പർ സ്ട്രോംഗ് സ്റ്റോയ്നിസ്

Wednesday 24 April 2024 12:20 AM IST

ചെന്നൈ സൂപ്പർ കിംഗ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്

ലക്നൗവിന് ജയം നൽകിയത് മാർക്കസ് സ്റ്റോയ്നിസിന്റെ(124*) സെഞ്ച്വറി

ചെന്നൈ ക്യാപ്ടൻ റുതുരാജിന്റെ (108*) സെഞ്ച്വറി പാഴായി

ചെന്നൈ സൂപ്പർ കിംഗ്സ് 210/4

ലക്നൗ സൂപ്പർ ജയന്റ്സ് 213/4

ചെന്നൈ : രണ്ട് സെഞ്ച്വറികൾ പിറന്ന സൂപ്പർ ടീമുകളുടെ പോരാട്ടത്തിൽ വെന്നിക്കൊടിപാറിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറുവിക്കറ്റിനാണ് ലക്നൗ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നായകൻ റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ സെഞ്ച്വറിയുടേയും (108 നോട്ടൗട്ട്) ശിവം ദുബെയുടെ അർദ്ധസെഞ്ച്വറിയുടേയും (66) മികവിൽ 210/4 എന്ന സ്കോർ ഉയർത്തിയപ്പോൾ നാലാം പന്തിൽ ഫസ്റ്റ് ഡൗണായിറങ്ങി അവസാനഓവർവരെ പൊരുതിനിന്ന് അപരാജിത സെഞ്ച്വറി നേടിയ മാർക്കസ് സ്റ്റോയ്നിസിന്റെ (124*) സൂപ്പർ പോരാട്ടമാണ് ലക്നൗവിന് തകർപ്പൻ വിജയം നൽകിയത്.

മൂന്നാം പന്തിൽ ക്വിന്റൺ ഡികോക്ക് (0)പുറത്തായശേഷം കെ.എൽ രാഹുൽ (16), ദേവ്‌ദത്ത് പടിക്കൽ(13), നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17*) എന്നിവരുടെ പിന്തുണയോടെ സ്റ്റോയ്നിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 63 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് 13 ഫോറുകളും ആറ് സിക്സുകളും പായിച്ചാണ് 124 റൺസിലെത്തിയത്.

തന്നോടൊപ്പം ഓപ്പണിംഗിനിറങ്ങിയ അജിങ്ക്യ രഹാനെ (1) ആദ്യ ഓവറിൽതന്നെ കൂടാരം കയറിയെങ്കിലും അവസാന പന്തുവരെ ക്രീസിൽ ഉറച്ചുനിന്ന് 60 പന്തുകൾ നേരിട്ട് 12 ഫോറുകളും മൂന്ന് സിക്സുകളുമടക്കം 108 റൺസുമായാണ് റുതുരാജ് പുറത്താകാതെനിന്നത്. 12-ാം ഓവറിൽ മൊഹ്സിൻ ഖാന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി ജഡേജ മടങ്ങുമ്പോൾ ചെന്നൈ 101/3 എന്ന നിലയിലായിരുന്നു.

തുടർന്ന് 47 പന്തുകളിൽ നിന്ന് റുതുവും ശിവം ദുബെയും ചേർന്ന് അടിച്ചുകൂട്ടിയത് 104 റൺസാണ്. 27 പന്തുകൾ നേരിട്ട ദുബെയുടെ ശിവ താണ്ഡവത്തിൽ മൂന്ന് ഫോറുകളും ഏഴ് സിക്സുകളുമാണ് പറന്നത്.19.4-ാം ഓവറിലാണ് ദുബെ റൺ ഒൗട്ടായത്.

ഇന്നത്തെ മത്സരം

ഡൽഹി

Vs

ഗുജറാത്ത്

7.30 pm മുതൽ

ഐ.പി.എല്ലിലെ സ്റ്റോയ്നിസിന്റെ ആദ്യ സെഞ്ച്വറിയാണിത്.

സ്റ്റോയ്‌നിസാണ് മാൻ ഒഫ് ദ മാച്ച്

റുതുരാജിന്റെ സീസണിലെ ആദ്യ സെഞ്ച്വറി, ഐ.പി.എല്ലിലെ രണ്ടാം സെഞ്ച്വറി

ചെന്നൈയ്ക്കെതിരെ ലക്നൗവിന്റെ സീസണിലെ രണ്ടാം ജയം.

ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ ലക്നൗ ജയിക്കുന്നത് ഇതാദ്യം

Advertisement
Advertisement