നമ്പർ ട്വന്റി ഇന്റർ മിലാൻ

Wednesday 24 April 2024 12:22 AM IST

ഇറ്റാലിയൻ സെരി എയിൽ 20-ാം കിരീടം നേടി ഇന്റർ മിലാൻ

മിലാൻ: കഴിഞ്ഞ ദിവസം നടന്ന മിലാൻ ഡർബിയിൽ ചിരവൈരികളായ എ.സി മിലാനെ തോൽപ്പിച്ച ഇന്റർ മിലാൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സെരി എ ഫുട്ബാൾ കിരീടം സ്വന്തമാക്കി. ലീഗിൽ അഞ്ചുമത്സരം ശേഷിക്കെയാണ് ഇന്ററിന്റെ 20-ാം കിരീടവിജയം. 2020-21 സീസണിലായിരുന്നു ഇന്ററിന്റെ അവസാന ലീഗ് കിരീടം.

ഈ സീസണിൽ ഇതുവരെ നടന്ന 33 മത്സരങ്ങളിൽ നിന്ന് 27 ജയവും അഞ്ച് സമനിലകളുമായി 86 പോയിന്റോടെയാണ് ഇന്റർ കിരീടത്തിന് അർഹരായത്. കഴിഞ്ഞ സെപ്തംബറിൽ സസൗളോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ മാത്രമാണ് ഇന്റർ തോറ്റത്. രണ്ടാമതുള്ള എ.സി മിലാനേക്കാൾ 17 പോയിന്റ് മുന്നിലാണ് ഇന്റർ ഇപ്പോൾ. 33 കളികളിൽ നിന്ന് 69 പോയിന്റ് മാത്രമുള്ള എ.സി മിലാന് ഇനി ഇന്ററിനെ മറികടക്കാനാകില്ല.

ഇഞ്ചോടിഞ്ച് പോരാട്ടവും മേമ്പൊടിയായി തർക്കവും നടന്ന മിലാൻ ഡർബിയിൽ എ.സി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത്. മിലാൻ ഡർബിയിൽ ഇന്ററിന്റെ തുടർച്ചയായ ആറാം ജയംകൂടിയായിരുന്നു ഇത്. എ.സി മിലാന്റെ തട്ടകമായ സാൻസിറോയിൽ നടന്ന മത്സരത്തിൽ ഫ്രാൻസെസ്‌കോ അസെർബിയും മാർക്കസ് തുറാമുമാണ് ഇന്ററിനായി സ്‌കോർ ചെയ്തത്. ഫികായോ തൊമോരിയുടെ വകയായിരുന്നു മിലാന്റെ ആശ്വാസ ഗോൾ. അവസാന നിമിഷങ്ങളിൽ മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ എ.സി താരങ്ങളായ തിയോ ഹെർണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരും ഇന്റർമിലാൻ താരം ഡെൻസെൽ ഡംഫ്രീസും ചുവപ്പുകാർഡ് കണ്ടു.

1967-72 കാലയളവിനുശേഷം ഇതാദ്യമായാണ് ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ തുടർച്ചയായ ആറ് സീസണുകളിൽ വ്യത്യസ്തമായ പരിശീലകർക്ക് കീഴിൽ ടീമുകൾ കിരീടം നേടുന്നത്.

2019 ൽ മാസ്സിമിലാനോ അല്ലെഗ്രിക്കും 2020 ൽ മൗറീസിയോ സാറിക്കും കീഴിൽ യുവെന്റസ് കിരീടം നേടി.

2021-ൽ ആന്റോണിയോ കോണ്ടെയിലൂടെ ഇന്റർ കിരീടമണിഞ്ഞു.

2022-ൽ എസി മിലാൻ കിരീടം നേടുമ്പോൾ സ്‌റ്റെഫാനോ പിയോലിയായിരുന്നു പരിശീലകൻ.

2023ൽ ലൂസിയാനോ സ്‌പെല്ലെറ്റിയുടെ നാപ്പോളി കിരീടജേതാക്കളായി.

ഈ സീസണിൽ സിമോണെ ഇൻസാഗിയിലൂടെ ഇന്റർ വീണ്ടും കിരീടമണിഞ്ഞു.

Advertisement
Advertisement