സഞ്ജു, ഇന്ത്യയുടെ ഭാവി നായകൻ : ഹർഭജൻ

Wednesday 24 April 2024 12:24 AM IST

ജയ്പുർ: ഐ.പി.എല്ലിൽ ഈ സീസണിലെ എട്ടു കളികളിൽ ഏഴിലും രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണിനെ ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരുപടികൂടി കടന്ന്

രോഹിത് ശർമയുടെ പിൻഗാമിയായി സഞ്ജുവിനെ ഇന്ത്യയുടെ ഭാവി ട്വന്റി-20 ക്യാപ്റ്റനായി വളർത്തിയെടുക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ആവശ്യപ്പെട്ടത്. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഹർഭജന്റെ അഭിപ്രായ പ്രകടനം.

വെസ്റ്റിൻഡീസിലും യു.എസ്.എയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യാതൊരു ചർച്ചയ്ക്കും ഇടംനൽകാതെ സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്നാണ് ഭാജി പറഞ്ഞത്. ഇത് ഹർഭജന്റെ മാത്രം അഭിപ്രായമല്ല. പല മുൻ താരങ്ങളും ക്രിക്കറ്റ് നിരൂപകരും സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. നായകനായി സ്ഥാനമേറ്റ് രണ്ടാം സീസണിൽ തന്നെ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിരുന്ന സഞ്ജുവിന് കീഴിൽ ഈ സീസണിലും റോയൽസിന്റെ കുതിപ്പിൽ ആകൃഷ്ടനായാണ് സഞ്ജുവിന്റെ നേതൃത്വശേഷിയും ടീം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് ഭാജി പറഞ്ഞത്.

ഇത്തവണ ഐ.പി.എല്ലിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സഞ്ജു. സീസണിലെ എട്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയടക്കം 314 റൺസുമായി റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് സഞ്ജു. ടീം എട്ടു കളികളിൽ ഏഴും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നായകനായും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനമാണ് ഈ മലയാളി താരത്തിന്റേത്. കൃത്യമായ ബൗളിംഗ് ചേഞ്ചുകളും പ്രചോദനാത്മകമായ ഇടപെടലുകളുംകൊണ്ട് സഹതാരങ്ങൾക്കിടയിലും സഞ്ജു സ്വാധീനമുറപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനെതിരെ ജനുവരിയിൽ നടന്ന ട്വന്റി-20 പരമ്പരയിൽ സഞ്ജു കളിച്ചിരുന്നെങ്കിലും ഇഷാൻ കിഷൻ, റിഷഭ് പന്ത് എന്നിവരുടെ തിരിച്ചുവരവോട‌െ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമുണ്ടാകുമോ എന്ന് ഉറപ്പില്ല.

Advertisement
Advertisement