ലോക്‌സഭ തിരഞ്ഞെടുപ്പ്.. വോട്ട് കഴി​ഞ്ഞാൽ രണ്ടു ദി​വസം അധി​ക സർവീസുമായി​ ആനവണ്ടി​

Wednesday 24 April 2024 12:27 AM IST

തി​രി​കെ മടങ്ങാൻ തി​രക്കേറുന്ന 28, 29 തീയതി​കളി​ൽ സർവീസ് കൂട്ടും

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളി​ലേക്ക് തി​രി​കെപ്പോകുന്നവർക്കു വേണ്ടി​ 28,29 തീയതികളിൽ അധികസർവീസ് നടത്താനൊരുങ്ങി​ കെ.എസ്.ആർ.ടി​.സി​. ഞായറും തി​ങ്കളുമാണ് ഏറ്റവും തി​രക്കുള്ള ദി​വസങ്ങളായി​ മാനേജ്മെന്റ് കണക്കാക്കി​യി​രി​ക്കുന്നത്. തി​രഞ്ഞെടുപ്പ് കഴി​ഞ്ഞുള്ള ദി​വസങ്ങളായതി​നാൽ വൻ തി​രക്കി​നുള്ള സാദ്ധ്യതയാണ് മുന്നി​ൽക്കാണുന്നത്.

ഈ ദിവസങ്ങളിലെ അധിക സർവീസുകൾക്കുള്ള ഓൺലൈൻ റിസർവേഷർ ഏർപ്പെടുത്തണമെന്ന് യൂണിറ്റ് ഓഫീസർമാർക്കും സോണൽ ഓഫീസർമാർക്കും കെ.എസ്. ആർ.ടി.സി. ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിർദേശം നൽകി. ഏറ്റവും കൂടുതൽ സർവീസുകൾ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ്. 12 സൂപ്പർഫാസ്റ്റ്, സൂപ്പർക്ലാസ് ബസുകൾ ഉൾപ്പെടെയാണ് പ്രത്യേകം അയയ്ക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കോഴിക്കോട് -തിരുവനന്തപുരം റൂട്ടിലാണ് രണ്ടാമത് ഏറ്റവും കൂടുതൽ ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് ഒന്ന് മുതൽ നാല് വരെ അധിക സർവീസുകളുണ്ടാവും.

ഓൺലൈൻ റിസർവേഷൻ ടിക്കറ്റുകൾ പൂർണ്ണമായി വിറ്റഴിഞ്ഞാൽ കൂടുതൽ ബസുകൾ റിസർവേഷനായി വെബ്‌സൈറ്റിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. സോണൽ ഓഫീസർമാർക്കാണ് സർവീസുകൾ ഏകോപിപ്പിക്കേണ്ട ചുമതല. അധിക സർവീസുകൾക്ക് ജീവനക്കാരുടെ കുറവുണ്ടായാൽ സ്വിഫ്റ്റ് ജീവനക്കാർ ഒഴികെ, ഡ്രൈവർ കം കണ്ടക്ടർ യോഗ്യതയുള്ള ജീവനക്കാരെ സമീപ ഡിപ്പോയിൽ നിന്ന് താത്കാലികമായി നിയമിച്ച് സർവീസ് നടത്തണം. ഏതെങ്കിലും യൂണിറ്റുകളിൽ ബസുകൾ അധികം വരികയാണെങ്കിൽ ഇവ മറ്റ് യൂണിറ്റുകൾക്ക് നൽകമെന്നും ഉയരവിൽ പറയുന്നു.


അറ്റകുറ്റപ്പണിക്ക് നാല് ദിവസം

തിരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് മുന്നോടിയായി ബസുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് യൂണിറ്റുകൾക്കും മെക്കാനിക്കൽ എൻജിനീയർമാർക്കും നിർദേശം ലഭി​ച്ചു. 24 മുതൽ 27 വരെയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇതിന്റെ പുരോഗതി യൂണിറ്റ് ഓഫീസർമാർ ചീഫ് ഓഫീസ് സി.ടി.ഒയെ അറിയിക്കണം.

ഡ്യൂട്ടിക്കിടെ വോട്ട് ചെയ്യാൻ ക്രമീകരണം

ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലെ ജീവനക്കാർക്ക് ഡ്യൂട്ടിക്കിടയിൽ വോട്ട് ചെയ്യാൻ, സർവീസുകളെ ബാധിക്കാത്ത തരത്തിൽ ക്രമീകരണം ഒരുക്കണമെന്നും നിർദേശമുണ്ട്. 26ന് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തുടങ്ങുന്ന സർവീസുകളിലെ ജീവനക്കാർക്കും വോട്ടെടുപ്പ് തീരുന്നതിന് മുൻപ് അവസാനിക്കാത്തതുമായ സർവീസിലെ ജീവനക്കാർക്കും
മുൻകൂർ വോട്ട് ചെയ്യാൻ കളക്ടർമാർ കെ.എസ്.ആർ.ടി.സി ജില്ലാ നോഡൽ ഓഫീസർമാർക്ക് നേരിട്ട് നിർദേശം നൽകി​യി​രുന്നു. ഈ ലിസ്റ്റ് പ്രകാരമുള്ള ജീവനക്കാർക്ക് മുൻകൂർ വോട്ട് ചെയ്യാൻ അനുമതി ലഭി​ച്ചു.

Advertisement
Advertisement