93 തദ്ദേശസ്ഥാപനങ്ങളിൽ കെ-സ്മാർട്ട് അന്തിമഘട്ടത്തിൽ ഭൂ,കെട്ടിട രേഖകൾ ഇനി വിരൽത്തുമ്പിൽ

Wednesday 24 April 2024 1:28 AM IST
  • വാട്ട്സ്ആപ്പ് വഴിയും ഉടൻ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ 93 തദ്ദേശസ്ഥാപനങ്ങളിൽ കെ- സ്മാർട്ട് സംവിധാനം പൂർത്തിയായി. 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും സേവനങ്ങൾക്കുവേണ്ട മുഴുവൻ രേഖകളും നിലവിൽ കെ- സ്മാർട്ടിലേക്ക് ചേർത്തുകഴിഞ്ഞു. 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 77 കോടി രേഖകളാണ് കെ- സ്മാർട്ടിൽ ഉൾപ്പെടുത്തിയത്. രേഖകളുടെ ഡാറ്റ പ്യൂരിഫിക്കേഷൻകൂടി പൂർത്തിയാകുന്നതോടെ കെട്ടിടങ്ങളുടെയും ഭൂമിയുടെയും മുൻഉടമസ്ഥരുടെ വിവരങ്ങളടക്കം മുഴുവൻ രേഖകളും കെ- സ്മാർട്ട് ആപ്പ് വഴി ലഭ്യമാകും.

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കെ- സ്മാർട്ട് നടപ്പാക്കുന്നത്. നേരത്തേ തദ്ദേശ ഭരണസ്ഥാപനങ്ങൾ വഴി ശേഖരിച്ചിരുന്ന വിവരങ്ങളിലെ അവ്യക്തതകളും അപൂർണമായ രേഖകളും അടക്കമുള്ള പ്രശ്നങ്ങളെല്ലാം ഡാറ്റ പ്യൂരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ പരിഹരിക്കപ്പെടും. കെ- സ്മാർട്ട് വഴി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന രേഖകൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കാൻ വേണ്ട വാട്സ്ആപ്പ് ഇന്റഗ്രേഷൻ പ്രോസസും പരോഗമിക്കുകയാണ്. ഇത് നടപ്പിലാകുന്നതോടെ കെ- സ്മാർട്ട് ആപ്പ് വഴി അപേക്ഷിക്കുന്ന രേഖകൾ ഉപഭോക്താക്കളുടെ വാട്സ്ആപ്പ് നമ്പറിലും ലഭ്യമാകും.

നിലവിൽ സിവിൽ രജിസ്‌ട്രേഷൻ (ജനനം, മരണം, വിവാഹം), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്തുനികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാൻസ് മൊഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതിപരിഹാരം എന്നിവയും 'നോ യുവർ ലാൻഡ്' ഫീച്ചറുമാണ് കെ- സ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങൾ. അടുത്ത ഘട്ടത്തിൽ പ്ലാനിംഗ് മൊഡ്യൂൾ, ഗ്രാമസഭ മീറ്റിംഗ് മാനേജ്‌മെന്റ്, പെൻഷൻ സേവനങ്ങൾ, സർവേ ആൻഡ് ഫോംസ്, പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, വേസ്റ്റ് മാനേജ്‌മെന്റ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും കെ- സ്മാർട്ട് വഴി ലഭ്യമാകും.