ആൾമറയില്ലാത്ത കിണറ്റിൽ വീണ് കാട്ടുകൊമ്പൻ ചരിഞ്ഞു

Wednesday 24 April 2024 1:29 AM IST

മാന്ദാമംഗലം (തൃശൂ‌‌ർ):പീച്ചിയിൽ മലയോര മേഖലയിലെ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ് കാട്ടുകൊമ്പൻ ചരിഞ്ഞു. മാന്ദാമംഗലം ആനക്കുഴി കുരിക്കാശേരി സുരേന്ദ്രന്റെ വീട്ടിലെ ഇരുപതടിയിലേറെ ആഴമുള്ള കിണറ്റിലാണ് 20 വയസ് തോന്നിക്കുന്ന കൊമ്പനാന ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ വീണത്. ആന കിണറ്റിനു സമീപത്തെ പ്ലാവിലെ ചക്ക തിന്നാനെത്തിയതാണെന്ന് കരുതപ്പെടുന്നു.
ശബ്ദംകേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അധികൃതരും സ്ഥലത്തെത്തി പുലർച്ചെ ആനയെ കരകയറ്റാൻ ശ്രമം നടത്തി. കിണറ്റിന്റെ അരികിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റി പുറത്തെടുക്കുന്നതിനിടെ രാവിലെ ഏഴോടെ ചരിഞ്ഞു. പെട്ടെന്നുള്ള വീഴ്ചയിൽ നട്ടെല്ലിന് സംഭവിച്ച ഗുരുതരമായ പരിക്കും തുടർന്നുണ്ടായ മസ്തിഷ്‌കാഘാതവുമാണ് ആന ചരിയാൻ കാരണമായതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ആനയുടെ കൊമ്പുകൾ വ്യാസം കുറഞ്ഞ കിണറ്റിന്റെ അരികിൽ തട്ടിയ നിലയിലായിരുന്നു. വീഴ്ചയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചെന്നും പറയുന്നു. കിണറ്റിൽ ഓക്സിജന്റെ അളവും കുറവായിരുന്നു.

ആന ചരിഞ്ഞെന്ന് സ്ഥിരീകരിച്ചശേഷം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം സമീപത്തെ വനമേഖലയിൽ സംസ്കരിച്ചു. ഡി.എഫ്.ഒ രവികുമാർ മീണ, പട്ടിക്കാട് റേഞ്ച് ഓഫീസർ എ.സി. പ്രജി, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ അശോക് രാജ്, പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ചർ ലോഹിതാക്ഷൻ, മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജഹാൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മേഖലയിൽ കാട്ടാനശല്യം രൂക്ഷം

മാന്ദാമംഗലം മേഖലയിൽ കാട്ടാനശല്യം കൂടുതലാണെന്നും ആന ചരിഞ്ഞ കിണറിന് സമീപം വരുംദിവസങ്ങളിൽ കാട്ടാക്കൂട്ടം തമ്പടിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള നിഗമനത്തിലാണ് നാട്ടുകാർ. മുൻപും പഴുത്ത ചക്ക തിന്നാൻ ആനകൾ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേഖലയിലെ കിണറുകൾക്ക് ആൾമറയില്ല. കിണറുകളുടെ മറ ആനകൾ തകർക്കാറുമുണ്ട്.